മാഹിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

മാഹി: ചൈല്‍ഡ് ലൈനിന്‍െറ പ്രവര്‍ത്തനം മാഹി മേഖലയില്‍ ഊര്‍ജിതമായി നടപ്പാക്കുന്നതിന് മാഹി ഗവ. ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉപദേശകസമിതി രൂപവത്കരിച്ചു. 18 വയസ്സിനു താഴെയുള്ളവരുടെ സുരക്ഷയാണ് ചൈല്‍ഡ് ലൈനിന്‍െറ പ്രധാന പ്രവര്‍ത്തനോദ്ദേശ്യം. കുട്ടികള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങളില്‍നിന്നും അവരെ മോചിപ്പിക്കുക, ബാലവേല തടയുക, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉല്‍പന്നങ്ങള്‍ക്കടിമപ്പെട്ട് പോകുന്ന കുട്ടികളെ രക്ഷിക്കുക, കുട്ടികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയുക തുടങ്ങി കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് ചൈല്‍ഡ് ലൈനിന്‍െറ ലക്ഷ്യം. വിദ്യാഭ്യാസം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ മേഖലയിലുടനീളം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പുകയില ഉല്‍പന്നങ്ങള്‍ കുട്ടികള്‍ക്ക് വില്‍പന നടത്തിയാല്‍ വില്‍പനക്കാരന് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള വകുപ്പുകള്‍ ഉണ്ടെന്ന് ചൈല്‍ഡ് ലൈന്‍ സൗത് സോണ്‍ കോഓഡിനേറ്റര്‍ മനോജ് ജോസഫ് പറഞ്ഞു. ചൈല്‍ഡ്ലൈന്‍ ഉപദേശകസമിതിയുടെ ചെയര്‍മാനായി അഡ്മിനിസ്ട്രേറ്ററെയും കണ്‍വീനറായി വത്സകുമാറിനെയും നിശ്ചയിച്ചു. ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റീജനല്‍ അഡ്മിനിസ്ട്രേറ്റര്‍ എസ്. മാണിക്ക ദീപന്‍, മാഹി പൊലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ, സി.ഇ.ഒ ഇളങ്കോവന്‍ എന്നിവര്‍ സംസാരിച്ചു. വുമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് കെ. ജലജ, ലേബര്‍ ഇന്‍സ്പെക്ടര്‍ കെ. ഹരീന്ദ്രന്‍, എ.ഡി.പി.സി എസ്.എസ്.എ പി.സി ദിവാനന്ദന്‍, കാരുണ്യ പ്രസിഡന്‍റ് എം.പി. ശിവദാസന്‍, കെ. അനിത എന്നിവരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സംബന്ധിച്ചു. ആറു മാസത്തിലൊരിക്കല്‍ ഉപദേശകസമിതി ചേര്‍ന്ന് ചൈല്‍ഡ് ലൈനിന്‍െറ പ്രവര്‍ത്തനം വിലയിരുത്തും. മാഹി പള്ളൂരിലെ കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ കീഴിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.