സൈബര്‍ കേസിലെ പ്രതിയുടെ പിതാവിനും സഹോദരനും മര്‍ദനം

ചെറുപുഴ: മൊബൈല്‍ ഫോണിലൂടെ സ്ത്രീകളെ വിളിച്ച് അശ്ളീലം സംസാരിച്ച കേസില്‍ പ്രതിയായ യുവാവിന്‍െറ ഷോപ്പില്‍ കയറി പിതാവിനെയും സഹോദരനെയും മര്‍ദിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെറുപുഴ ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പില്‍ കയറിയാണ് ഒരുസംഘം ഇരുവരെയും മര്‍ദിച്ചത്. ഷോപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. മൊബൈല്‍ ഷോപ്പുടമ സിജോ സെബാസ്റ്റ്യന്‍ മറ്റൊരാള്‍ ഫോണ്‍ കണക്ഷന്‍ എടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍രേഖകള്‍ ഉപയോഗിച്ച് സിം സ്വന്തമാക്കുകയും ഇതുപയോഗിച്ച് സ്ത്രീകളെ വിളിച്ച് അസഭ്യം സംസാരിക്കുകയുമായിരുന്നു. നിരവധി പേരില്‍നിന്ന് ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കണ്ണൂര്‍ ടൗണ്‍ പൊലീസ് സിജോയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. ഷോപ്പുടമ സൈബര്‍ കേസില്‍ പ്രതിയായ സംഭവം പുറത്തറിഞ്ഞതോടെയാണ് ഒരുസംഘം ചെറുപുഴ ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടയിലത്തെി പിതാവ് സെബാസ്റ്റ്യന്‍ (64), സഹോദരന്‍ സോണി (30) എന്നിവരെ മര്‍ദിച്ചത്. മര്‍ദനത്തിനിരയായവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. കടക്കുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 11വരെ ചെറുപുഴയില്‍ കടകളടച്ച് പ്രതിഷേധിച്ചു. അതിനിടെ മൊബൈല്‍ ഷോപ് അടച്ചുപൂട്ടാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചെറുപുഴയില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.