അപകടാവസ്ഥയിലായ പൊലീസ് സ്റ്റേഷന് മുകളില്‍ വീണ്ടും നിര്‍മാണം

പെരിങ്ങോം: കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ പുതിയനില പണിയുന്നത് ആശങ്ക ഉയര്‍ത്തുന്നു. നിലവിലുള്ള കെട്ടിടത്തിന്‍െറ ചോര്‍ച്ച തടയുന്നതിന്‍െറ പേരിലാണ് പൊതുമരാമത്ത് വകുപ്പ് പുതിയ നില നിര്‍മിക്കാന്‍ കരാര്‍ നല്‍കിയത്. നിലവിലെ കെട്ടിടം 42 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ്. ഇതിന്‍െറ കോണ്‍ക്രീറ്റ് സ്ളാബുകള്‍ പലയിടത്തും അടര്‍ന്നു വീഴാറായ നിലയിലാണ്. കഴിഞ്ഞ മഴക്കാലത്ത് ജി.ഡിയുടെ ചുമതലയുള്ള ഓഫിസര്‍ ഇരിക്കുന്നതിന് മുകളിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണിരുന്നു. അന്ന് തലനാരിഴക്കാണ് പൊലീസുകാരും പരാതിയുമായി എത്തിയവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് തൂണുകളും പലയിടത്തായി വിണ്ടിരിക്കുകയാണ്. കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതാണ്. ഈ പരാതികള്‍ ഫയലില്‍ ഉറങ്ങുമ്പോഴാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം പുതിയനില പണിയാന്‍ പോകുന്നത്. ചെങ്കല്ല് ഉപയോഗിച്ച് നിര്‍മാണം കഴിഞ്ഞദിവസം മുതല്‍ തുടങ്ങി. തകര്‍ച്ചയിലായ കെട്ടിടത്തിന് മുകളില്‍ മഴക്കാലത്ത് നടക്കുന്ന നിര്‍മാണം അപകടം വിതക്കുമോ എന്ന ആശങ്കയിലാണ് പൊലീസുകാര്‍. സ്റ്റേഷന്‍െറ ചുറ്റുമതിലും പലയിടത്തായി തകര്‍ന്നിരിക്കുകയാണ്. സ്റ്റേഷനോട് ചേര്‍ന്ന ജലസംഭരണിയും ഏതുനിമിഷവും തകരുമെന്ന അവസ്ഥയിലാണ്. പുതിയ ക്വാര്‍ട്ടേഴ്സ് പണിതപ്പോള്‍ ഉപേക്ഷിച്ച പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ സമീപത്ത് കാടുമൂടിക്കിടക്കുന്നുണ്ട്. ഇത് പൊളിച്ചുനീക്കാനുള്ള നടപടിയും എങ്ങുമത്തെിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.