കണ്ണൂര്‍: നഗരത്തിലെ ബങ്കുകളുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ യോഗത്തില്‍ ബഹളം. വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ഭരണപ്രതിപക്ഷാംഗങ്ങള്‍ നേര്‍ക്കുനേര്‍ വെല്ലുവിളിയുയര്‍ത്തി. നഗരത്തില്‍ കാല്‍നടയാത്രക്കും വാഹനയാത്രക്കും തടസ്സമാകുന്ന രീതിയില്‍ ബങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. ഇന്ദിര ചൂണ്ടിക്കാട്ടി. അനധികൃത ബങ്കുകള്‍ പലതും കണ്ണൂര്‍ കോര്‍പറേഷനാകുന്നതിനു മുമ്പ് സ്ഥാപിച്ചതാണെന്ന് ഭരണപക്ഷത്തിലെ തൈക്കണ്ടി മുരളീധരന്‍ പറഞ്ഞതോടെയാണ് ബഹളമാരംഭിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ആരംഭിച്ച ബങ്കുകള്‍ കാണിച്ചുതരാമെന്ന് ഇന്ദിര വെല്ലുവിളിച്ചപ്പോള്‍ താന്‍പറഞ്ഞതാണ് ശരിയെന്ന് തെളിയിക്കാമെന്ന് മുരളീധരനും വെല്ലുവിളിച്ചു. ഇതോടുകൂടി ഭരണപ്രതിപക്ഷ കക്ഷികള്‍ എഴുന്നേറ്റു നിന്ന് തര്‍ക്കമാരംഭിച്ചു. ഒടുവില്‍ ഭരണപക്ഷത്തെ കൗണ്‍സിലറായ സി.പി.ഐയിലെ വെള്ളോറ രാജന്‍ നഗരത്തില്‍ പലയിടത്തും ബങ്കുകള്‍ അനധികൃതമായി കൂണുപോലെ മുളച്ചുവരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടതോടെയാണ് ബഹളം അടങ്ങിയത്. നഗരത്തിലെ മുഴുവന്‍ ബങ്കുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും അനധികൃത ബങ്കുകള്‍ മുഴുവന്‍ ഒഴിപ്പിക്കാനും യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മാണത്തിന്‍െറ കരാര്‍ കാലാവധി 45 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു നല്‍കാനും തീരുമാനമായി. വര്‍ഷങ്ങളായി നടന്നു വരുന്ന നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്നും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കാണിച്ച് കരാറുകാരായ സെല്‍മക് എന്‍ജിനിയറിങ് കണ്‍സ്ട്രക്ഷന്‍ കമ്പനി കോര്‍പറേഷന് സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് നടപടി. പയ്യാമ്പലം ശ്മശാനത്തില്‍ പരമ്പരാഗത രീതിയില്‍ ശവദാഹം നടത്തുന്നത് സമീപത്തെ പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് ഒ. രാധ ചൂണ്ടിക്കാട്ടി. വൈദ്യുതി ശ്മശാനം പ്രാവര്‍ത്തികമാക്കണമെന്ന് നിര്‍ദേശമുയര്‍ന്നു. കോര്‍പറേഷനില്‍ കൂട്ടിചേര്‍ക്കപ്പെട്ട പഞ്ചായത്തുകളില്‍ ശ്മശാനമുള്ള സ്ഥലങ്ങളിലെ മൃതദേഹങ്ങള്‍ അവിടെതന്നെ സംസ്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമായി. പയ്യാമ്പലം ശ്മശാനത്തിന്‍െറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമായി. മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച വിഷയം ഇപ്രാവശ്യവും ചൂടേറിയ ചര്‍ച്ചയായി. മാസ്റ്റര്‍ പ്ളാന്‍ സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ വീടു നിര്‍മാണം പോലും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ നേടികൊടുത്ത ടീമിലെ അംഗമായ കണ്ണൂര്‍ സ്വദേശി മാനുവല്‍ ഫ്രെഡറിക്കിനു സര്‍ക്കാര്‍ വീടുവെക്കാന്‍ സ്ഥലമനുവദിച്ചിട്ടും മാസ്റ്റര്‍ പ്ളാനിന്‍െറ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ അദ്ദേഹത്തിന്‍െറ വീടുനിര്‍മാണം തടസ്സപ്പെട്ടിരിക്കയാണെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഫ്രെഡറിക് മാനുവലിന് അനുവദിച്ച സ്ഥലം പയ്യാമ്പലം പാര്‍ക്കിനോടു ചേര്‍ന്ന ഗ്രീന്‍ സ്പെയിസിലായതിനാലാണ് നഗരസഭക്ക് വീടുനിര്‍മാണത്തിനു അനുമതി നല്‍കാനാവാത്തതെന്ന് മേയര്‍ ഇ.പി. ലത പറഞ്ഞു. ഇക്കാര്യം കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. നഗരസഭയുടെ അധീനതയില്‍ അനുയോജ്യമായ സ്ഥലമുണ്ടെങ്കില്‍ അതുനല്‍കാവുന്നതിനോ, റവന്യൂ ഭൂമി കണ്ടത്തെി ലഭ്യമാക്കാനോ നടപടി സ്വീകരിക്കുമെന്നും അല്ലാത്തപക്ഷം ഇക്കാര്യം സര്‍ക്കാറില്‍ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു. മരക്കാര്‍കണ്ടിയില്‍ നിര്‍മാണം പൂര്‍ത്തിയായ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കുള്ള ഫ്ളാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് ഉടന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. വാട്ടര്‍ കണക്ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായി. ഫ്ളാറ്റുകള്‍ക്കായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാകും. അടുത്ത മാസത്തോടെ ഫ്ളാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും മേയര്‍ പറഞ്ഞു. തെരുവുവിളക്കുകള്‍ കത്താത്തതും യോഗത്തില്‍ ചച്ചയായി. 200ഓളം വിളക്കുകള്‍ കേടായിട്ട് മാസങ്ങളായിട്ടും ബന്ധപ്പെട്ട കമ്പനി നന്നാക്കാന്‍ തയാറാവാത്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.