തലശ്ശേരി-വളവുപാറ റോഡ് : പ്രവൃത്തി ഇഴയുന്നു

ഇരിട്ടി: മലയോര ജനതക്ക് ഏറെ പ്രതീക്ഷയേകി ആരംഭിച്ച തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തി അനിശ്ചിതമായി നീളുന്നു. 2003ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് റോഡ് പ്രവൃത്തി ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്തത്. തലശ്ശേരി മുതല്‍ കൂട്ടുപുഴ വരെയുള്ള 54 കി. മീറ്റര്‍ റോഡ് വീതികൂട്ടി ടാറിങ് പ്രവൃത്തി നടത്താനും കൂട്ടുപുഴ, ഇരിട്ടി, ഉളിയില്‍, കളറോഡ്, കരേറ്റ, മെരുവമ്പായി, എരഞ്ഞോളി എന്നീ ഏഴു പാലങ്ങള്‍ പുതുക്കിപ്പണിയുന്നതിനുമായിരുന്നു മുംബൈ എസ്.ആര്‍ കമ്പനിക്ക് 234 കോടി രൂപക്ക് കരാര്‍ നല്‍കിയത്. രണ്ടരവര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, പ്രവൃത്തി സമയബന്ധിതമായി പുരോഗമിക്കാത്തതിനാല്‍ ഏഴ് ശതമാനം പ്രവൃത്തി പൂര്‍ത്തിയായതിനുശേഷം ഇവരെ ഒഴിവാക്കി. ഏഴ് പാലങ്ങളുടെ പ്രവൃത്തികള്‍ക്കും മറ്റും തുടക്കംകുറിച്ചതിന് ശേഷമായിരുന്നു ഇത്. ഇതത്തേുടര്‍ന്ന് പുതിയ രണ്ട് കരാറുകാര്‍ പ്രവൃത്തി ഏറ്റെടുത്തു. തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള പ്രവൃത്തി ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് 160 കോടിക്കും കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള പ്രവൃത്തി ഇ.കെ.കെ കമ്പനി പെരുമ്പാവൂരിന് 204 കോടിക്കും രണ്ട് റീച്ചായാണ് കരാര്‍ നല്‍കിയത്. എന്നാല്‍, മാസം ആറുകഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ല. തലശ്ശേരി-വളവുപാറ റോഡില്‍ പുതുക്കിപ്പണിയുന്ന പാലങ്ങളെല്ലാം ബ്രിട്ടീഷ് കാലത്തെ പാലങ്ങളാണ്. രണ്ടു വാഹനങ്ങള്‍ ഒരേസമയം കടന്നുപോകാന്‍ കഴിയാത്ത പാലങ്ങളാണ് അധികവും. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കുമിടയാക്കുന്നുണ്ട്. പാലങ്ങളുടെ കടുത്ത ബലക്ഷയവും ഭീഷണിയാണ്. പാലങ്ങളിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകുന്നുമുണ്ട്. കൂടാതെ പലയിടങ്ങളിലും കള്‍വര്‍ട്ടിന് വേണ്ടിയും മറ്റും റോഡ് കീറിമുറിച്ചിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.