മലയോരത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു; ആരോഗ്യ വകുപ്പിന് നിസ്സംഗത

കേളകം: മഴ ശക്തിപ്രാപിച്ചതോടെ മലയോരത്ത് പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. മേഖലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊട്ടിയൂര്‍, കേളകം പഞ്ചായത്തിലാണ് കൂടുതല്‍ പനി ബാധിതര്‍. ദിനംപ്രതി 200ഓളം പേരാണ് പനി ബാധിച്ച് പി.എച്ച്.സികളില്‍ എത്തുന്നത്. മൂന്നു ഡോക്ടര്‍മാര്‍ വേണ്ട കൊട്ടിയൂര്‍ പി.എച്ച്.സിയില്‍ നിലവില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. പനിക്ക് പുറമെ വയറിളക്കവും ഛര്‍ദിയും ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയാണുള്ളത്. കേളകത്തെ ആശുപത്രിയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു ഡോക്ടറുടെ സേവനം പോലും പൂര്‍ണമായി ലഭിക്കാറില്ലാത്തത് രോഗികളെ വലക്കുന്നു. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ മാത്രമാണ് ഡോക്ടര്‍ രോഗികളെ പരിശോധിക്കാനായി എത്തുന്നത്. മലയോരത്ത് ഏറ്റവും കൂടുതല്‍ ആദിവാസി കോളനികളുള്ള പഞ്ചായത്തില്‍ ഡോക്ടറുടെ സേവനമില്ലാത്തത് ആരോഗ്യവകുപ്പിന്‍െറ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദിനംപ്രതി 200ലധികം രോഗികളാണ് കേളകം പി.എച്ച്.സിയിലും എത്തുന്നത്. ഇവിടെ ഡോക്ടര്‍ ഇല്ലാത്തതുകാരണം രോഗികള്‍ പേരാവൂര്‍ താലൂക്കാശുപത്രി വരെ സഞ്ചരിക്കേണ്ടിവരുന്നു. കണിച്ചാര്‍ പഞ്ചായത്തില്‍ പനിബാധിതരുടെ എണ്ണം കുറവാണെങ്കിലും രണ്ടു ഡോക്ടര്‍മാര്‍ വേണ്ട പി.എച്ച്.സിയില്‍ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്. പേരാവൂര്‍ താലൂക്കാശുപത്രിയിലും ഡോക്ടര്‍മാരില്ളെന്ന പരാതിയുണ്ട്. 13 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ആറു പേര്‍ മാത്രമാണുള്ളത്. സ്ഥിരമുള്ള മൂന്നു പേരാകട്ടെ ഉന്നത പഠനം നടത്തുന്നവരും. താലൂക്കാശുപത്രിയില്‍ പ്രതിദിനം 300 മുതല്‍ 400 രോഗികളാണ് പനി ബാധിച്ച് എത്തുന്നത്. ദിനംപ്രതി പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.