കെ.എസ്.ടി.പി റോഡ് നിര്‍മാണം മഴക്കുമുമ്പ് പൂര്‍ത്തിയായില്ല

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ് നിര്‍മാണം മുന്‍ നിശ്ചയിച്ചതിലും നാലുമാസം വൈകിയിട്ടും പൂര്‍ത്തിയായില്ല. ഇതോടെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിനടുത്ത് ഗതാഗതക്കുരുക്കില്‍പെട്ട് ജനം വലയുന്നു. മഴക്ക് മുമ്പ് ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ലോകബാങ്ക് ധനസഹായത്തോടെയാണ് കാസര്‍കോട് മുതല്‍ ചന്ദ്രഗിരിപ്പാലം വഴി കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് വരെ നാലുവരിപ്പാത നിര്‍മാണം ആരംഭിച്ചത്. ചെന്നൈയിലെ എസ്.ആര്‍.കെ കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. പാലങ്ങളുടെയും റോഡുകളുടെയും കണക്കെടുത്ത കമ്പനി 2016 ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍, ഫെബ്രുവരിക്കുശേഷം നാല് മാസം പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല. കരാര്‍ തുക കുറവാണെന്നും കൂടുതല്‍ തൊഴിലാളികളും അടിസ്ഥാന സൗകര്യങ്ങളും ആവശ്യമുള്ളതിനാല്‍ തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി അധികൃതര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. 30 കോടിയോളം തുക അധികം നല്‍കിയെങ്കിലും പറഞ്ഞ സമയത്ത് പണി തീര്‍ന്നില്ല. കാലവര്‍ഷം എത്തിയതോടെ പണി ഇഴയുകയാണ്. റോഡുപണിക്കായി അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത് മണ്ണിളക്കി മറിച്ചതോടെ വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായി. ബസുകള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്ന് വഴിമാറി ആറങ്ങാടി വഴിയാണ് പോകുന്നത്. ഇരുചക്ര വാഹനങ്ങളും ചില ഓട്ടോക്കാരുമാണ് ഇതുവഴി പോകുന്നത്. മഴവെള്ളം നിറഞ്ഞതോടെ റോഡ് ചളിക്കുളമായി കാലുകുത്താന്‍ പറ്റാത്ത സ്ഥിതിയായി. മഴക്കുമുമ്പ് തീര്‍ക്കേണ്ട നിര്‍മാണം വൈകിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മൂന്നുമാസം മുമ്പ് കാഞ്ഞങ്ങാട് നിര്‍മാണം തുടക്കമിട്ടതാണെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ളെന്നാരോപിച്ച് നഗരസഭാ ചെയര്‍മാനടക്കം എത്തി നിര്‍മാണം തടയുകയായിരുന്നുവെന്നും കമ്പനി എന്‍ജിനീയര്‍മാര്‍ പറയുന്നു. തടസ്സമില്ലായിരുന്നെങ്കില്‍ മേയ് അവസാന വാരത്തിലെങ്കിലും റോഡ് പണി തീരുമായിരുന്നു. എതിര്‍പ്പ് വന്നതോടെയാണ് പണി നിര്‍ത്തിവെക്കേണ്ടിവന്നത്. എത്രയും വേഗം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കമ്പനി സൂപ്പര്‍വൈസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.