കണ്ണൂരിനെ ഭിന്നലിംഗ സൗഹൃദ ജില്ലയാക്കാന്‍ ‘കൈയൊപ്പ്’

കണ്ണൂര്‍: ഭിന്നലിംഗക്കാരെ സമൂഹത്തിന്‍െറ മുഖ്യധാരയിലത്തെിക്കാനും പൊതുസമൂഹത്തിന് ഇവരെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും അതുവഴി കണ്ണൂരിനെ ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ജില്ലയാക്കാനുമുള്ള പദ്ധതിയുമായി ഹെല്‍ത്ത്ലൈന്‍ ട്രാന്‍സ് ജെന്‍ഡര്‍ സുരക്ഷ. ‘കൈയൊപ്പ്’ എന്നപേരില്‍ ജൂണ്‍ 19ന് ട്രാന്‍സ്ജെന്‍ഡര്‍ ഡേ ആഘോഷിച്ചാണ് ബോധവത്കരണ പരിപാടിക്ക് തുടക്കംകുറിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയുടെ ചുവടുപിടിച്ച് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നുള്ള ക്ഷേമപദ്ധതികള്‍ ലഭ്യമാക്കുന്നതിനും ഇവരുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിനുമാണ് ട്രാന്‍സ്ജെന്‍ഡര്‍ ഡേ ആഘോഷിക്കുന്നത്. ഇതൊരു രോഗാവസ്ഥ ആണെന്ന തെറ്റിദ്ധാരണകൊണ്ടും സമൂഹത്തിന് വ്യക്തമായ ധാരണയില്ലാത്തിനാലും ഇവര്‍ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെടുകയാണ്. മാന്യമായ തൊഴില്‍ചെയ്ത് ജീവിക്കാനോ വിദ്യാഭ്യാസമേഖലയില്‍ പ്രാവീണ്യം നേടാനോ ഭിന്നലിംഗ വിഭാഗത്തിന് സാധിക്കുന്നില്ല. ഇതോടെ നിത്യജീവിതത്തിനായി പലപ്പോഴും ഇവരില്‍ ഒരുവിഭാഗം ലൈംഗികവൃത്തിയില്‍പോലും എത്തിപ്പെടുന്നു. ഇത്തരത്തില്‍ പെട്ടുപോയവര്‍ വഴി ലൈംഗികരോഗങ്ങള്‍ പടരാനുള്ള സാധ്യതയും ഏറെയാണ്. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, കണ്ണൂര്‍ ഹെല്‍ത്ത്ലൈന്‍ എന്ന എന്‍.ജി.ഒയുമായി ചേര്‍ന്ന് 2014 മുതല്‍ ഇവര്‍ക്കിടയില്‍ ‘സുരക്ഷ’ എന്ന പദ്ധതി നടത്തിവരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 260 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭിന്നലിംഗ വിഭാഗക്കാര്‍ക്കിടയില്‍ എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമാവണമെങ്കില്‍ അവര്‍ അനുഭവിക്കുന്ന അവഗണനയും ചൂഷണങ്ങളും ഇല്ലാതാവുകയും സമൂഹത്തിന്‍െറ മുഖ്യധാരയില്‍ കൊണ്ടുവരുകയും വേണം. ജില്ലാപഞ്ചായത്ത് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ ഇവരുടെ ക്ഷേമത്തിനായി ഇപ്പോള്‍ മുന്നോട്ടുവന്നത് ഇവര്‍ക്ക് ആശ്വാസകരമാണ്. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ മേഖലകളിലെ അധികാരികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജൂണ്‍ 19ന് രാവിലെ ഒമ്പതു മുതല്‍ കണ്ണൂര്‍ ശിക്ഷക് സദനില്‍ ‘കൈയൊപ്പ്’ എന്നപേരില്‍ ദിനാഘോഷം നടക്കുക. ഉച്ചക്ക് രണ്ടു മുതല്‍ ഭിന്നലിംഗക്കാരുടെ വിവിധ മത്സര കലാപരിപാടികളും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.