അപകടക്കെണിയായി നഗര റോഡുകള്‍

കണ്ണൂര്‍: റോഡ്സുരക്ഷാ ബോധവത്കരണം വാരാചരണത്തില്‍ ഒതുക്കിയതിന്‍െറ പുറംപൂച്ച് വെളിപ്പെടുത്തുന്നു കണ്ണൂര്‍ നഗരത്തിലെ റോഡുകള്‍. ഡിവൈഡര്‍ ഒന്നിനും സിഗ്നല്‍ ബോര്‍ഡുകളില്ല. കലക്ടറേറ്റിന് മുന്നില്‍നിന്ന് കാല്‍ടെക്സ് ജങ്ഷനിലേക്ക് തിരിയുന്നിടം അപകടമുനമ്പാണ്. ടൗണ്‍ഹാളിന് സമീപത്തുനിന്ന് എ.കെ.ജി ആശുപത്രി റോഡിലേക്ക് തിരിയുന്ന റോഡിലെ ഡിവൈഡര്‍ വാഹനങ്ങള്‍ കയറി നിരങ്ങി തേഞ്ഞുപോയ നിലയിലായി. ഒന്നുകില്‍ ഇവിടെനിന്ന് ഡിവൈഡര്‍ നീക്കി വാഹനങ്ങളെ രക്ഷിക്കണം അല്ളെങ്കില്‍, ഡിവൈഡറുകള്‍ക്ക് റിഫ്ളക്ടര്‍ വെക്കണം. ജില്ലാ പൊലീസ് ചീഫും ജോയന്‍റ് ആര്‍.ടി.ഒയും നിത്യവും ഒൗദ്യോഗിക വാഹനത്തില്‍ സ്വന്തം ആസ്ഥാനത്തുനിന്ന് കടന്നുപോകുന്നിടത്താണീ കാഴ്ച. സിഗ്നലില്ലാതെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞുകയറി തകര്‍ന്ന ഡിവൈഡര്‍ കണ്ടാലറിയാം എത്ര വാഹനങ്ങളെ ഇതിനകം ഇത് ചതിച്ചുവെന്ന്. പകലല്ല, രാത്രിയാണ് പ്രശ്നം. താവക്കര ഭാഗത്തുനിന്ന് കയറിവരുന്ന വാഹനം റിഫ്ളക്ടറില്ലാത്ത ഈ ഡിവൈഡറില്‍ കയറി മറിയാത്ത ദിവസമില്ല. തെക്കിബസാര്‍ മുതല്‍ പള്ളിക്കുന്നുവരെയും വാഹനക്കുരുക്കിന് ആശ്വാസമാണ് പുതിയ ഡിവൈഡറുകള്‍. പക്ഷേ, ചില സ്ഥാപനങ്ങളുടെ സ്വാധീനത്തിന് വിധേയമായി ആവശ്യമില്ലാത്തിടത്ത് യു ടേണ്‍ അനുവദിച്ചപ്പോള്‍ ഡിവൈഡറുകള്‍ അപകടമാവുകയായിരുന്നു. ഒരിടത്തും റിഫ്ളക്ടര്‍ ഇല്ല. എ.കെ.ജി ആശുപത്രി പരിസരത്ത് ജപ്പാന്‍ കുടിവെള്ളപൈപ്പ് പൊട്ടി വന്‍ ഗര്‍ത്തമാണ് നടുറോഡില്‍ രൂപപ്പെട്ടത്. കഴിഞ്ഞ നാലു മാസത്തിനിടയില്‍ ഇവിടെ പലതവണ റോഡ് റിപ്പയര്‍ ചെയ്തെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം. ജപ്പാന്‍ കുടിവെള്ളത്തിന് നടുറോഡ് കീറി പൈപ്പ് പാകുമ്പോള്‍തന്നെ ചൂണ്ടിക്കാണിക്കപ്പെട്ട ദുരിതമാണിപ്പോള്‍ അനുഭവിക്കുന്നത്. നടുറോഡിലെ കുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ വീണ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ട്രാഫിക് പൊലീസ് ഇവിടെ ഫൈബര്‍ സിഗ്നല്‍ക്കുറ്റി സ്ഥാപിച്ചിരുന്നു. അതും ചില വാഹനങ്ങള്‍ വീണ് തകര്‍ത്തപ്പോള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ ഇപ്പോള്‍ കോണ്‍ക്രീറ്റ് ഡിവൈഡര്‍ സ്ഥാപിച്ചിരിക്കയാണ്. ഉപകാരമാവേണ്ട ഈ ഡിവൈഡറും രാത്രിയില്‍ അപകടക്കെണിയായി. റോഡിന്‍െറ മധ്യത്തില്‍വെച്ച കോണ്‍ക്രീറ്റ് ഡിവൈഡര്‍ രാത്രിവാഹനങ്ങളുടെ ശ്രദ്ധയില്‍പെടാത്ത നിലയിലാണ്. ജപ്പാന്‍ കുടിവെള്ളത്തിന് കുഴിയെടുത്തപ്പോള്‍ കൊത്തിക്കീറിയ നഗരത്തിലെ സ്ട്രീറ്റ്ലൈറ്റ് കാബിളുകള്‍ ഇനിയും നേരെയാക്കിയിട്ടില്ല. ഇതുകാരണം നഗരം രാത്രി ഇരുട്ടിലാണ്. ഇരുട്ടടിയോടൊപ്പം ചതിക്കുഴികളും സിഗ്നലില്ലാത്ത ഡിവൈഡറും ചേര്‍ന്ന് ഗതാഗതം ശരിക്കും ദുരിതമയമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.