ഗതാഗതക്കുരുക്ക്: നഗര റോഡുകളുടെ വീതികൂട്ടാനൊരുങ്ങി തലശ്ശേരി നഗരസഭ

തലശ്ശേരി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന തലശ്ശേരി പട്ടണത്തിലെ റോഡുകള്‍ വീതികൂട്ടി നവീകരിക്കുന്നതിനെക്കുറിച്ച് നഗരസഭ ആലോചിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും കച്ചവട സ്ഥാപനങ്ങളില്‍ വ്യാപാരം സുഗമമായി നടക്കുന്നതിനും നഗരത്തിലെ പ്രധാന റോഡുകള്‍ വീതികൂട്ടാനാണ് നഗരസഭ പദ്ധതി തയാറാക്കുന്നത്.ഒ.വി. റോഡ്, ലോഗന്‍സ് റോഡ്, മെയിന്‍ റോഡ്, ടൗണ്‍ഹാള്‍ റോഡ് എന്നിവയാണ് വീതികൂട്ടുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുടെ ആലോചനാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഒ.വി. റോഡുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചക്ക് 12ന് ഗവ. ഗേള്‍സ് എച്ച്.എസ്.എസിലും ലോഗന്‍സ് റോഡുമായി ബന്ധപ്പെട്ട ആലോചനാ യോഗം അന്നേദിവസം തന്നെ ഉച്ചക്ക് 2.30ന് സൗന്ദര്യ റസിഡന്‍സിയിലും ചേരും. തിങ്കളാഴ്ച രാവിലെ 10ന് മെയിന്‍ റോഡ് ആലോചനാ യോഗം പാരിസ് പ്രസിഡന്‍സിയിലും ടൗണ്‍ഹാള്‍ റോഡ് യോഗം വൈകീട്ട് 4.30ന് ടൗണ്‍ഹാളിലും ചേരും. പാരിസ് പ്രസിഡന്‍സിയില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ സംബന്ധിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ പറഞ്ഞു. ബന്ധപ്പെട്ട കച്ചവടക്കാരും സ്ഥലമുടമകളും വ്യാപാര സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധ കളും യോഗത്തില്‍ സംബന്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.