ഉദ്ഘാടനത്തിനൊരുങ്ങി തലായി മത്സ്യഗ്രാമം

തലശ്ശേരി: തലശ്ശേരി തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി തലശ്ശേരി നഗരസഭയില്‍ നടപ്പാക്കുന്ന മത്സ്യഗ്രാമം ഉദ്ഘാടനത്തിനൊരുങ്ങി. അടുത്തമാസം ആദ്യവാരം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മത്സ്യഗ്രാമം ഉദ്ഘാടനം ചെയ്യും. തീരപ്രദേശമായ തലായി, ഗോപാല്‍പേട്ട കേന്ദ്രീകരിച്ചാണ് മത്സ്യഗ്രാമം പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന തീരദേശത്ത് അടിസ്ഥാന സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സ്യഗ്രാമം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. മുന്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്താണ് പദ്ധതിക്ക് ഫിഷറീസ് വകുപ്പ് രൂപം നല്‍കിയത്. ആദ്യഘട്ടത്തില്‍ 11 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ 32 മത്സ്യഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തത്. പിന്നീട് തലശ്ശേരി ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സംസ്ഥാനത്ത് വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന മത്സ്യഗ്രാമങ്ങളെയാണ് സര്‍ക്കാര്‍ ഇതിനായി കണ്ടത്തെിയിരുന്നത്. തീരദേശ വികസനത്തിനു ആക്കംകൂട്ടാന്‍ സഹായകരമാകുമെന്നു കരുതപ്പെടുന്ന പദ്ധതി വലിയ പ്രതീക്ഷയാണ് മത്സ്യ ത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. വീട്,ടോയ്ലെറ്റ്,റോഡ് നിര്‍മാണം തുടങ്ങി നിരവധി പദ്ധതികളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. തലായി മത്സ്യഗ്രാമത്തില്‍ കുടിവെള്ള വിതരണത്തിന് ആവശ്യമായ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നാല് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ചാലില്‍ ഡിസ്പെന്‍സറി കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി. ഇവിടെ ട്രാന്‍സ്ഫോര്‍മറും തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. അങ്കണവാടി കെട്ടിടം പണി അവസാന ഘട്ടത്തിലാണ്. കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയായിരിക്കെ മുന്‍കൈയെടുത്താണ് തലശ്ശേരിയില്‍ പദ്ധതി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചത്. ഫിഷറീസ് വകുപ്പിന്‍െറയും തലശ്ശേരി നഗരസഭയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക കമ്മിറ്റിയാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്. അടുത്തമാസം തലശ്ശേരിയിലത്തെുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ തലായ് ഫിഷിങ് ഹാര്‍ബര്‍ സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തും. അടുത്ത ആറ് മാസത്തിനകം ഫിഷിങ് ഹാര്‍ബര്‍ ഉദ്ഘാടനത്തിന് സജ്ജമാക്കാനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.