തുരീയം സംഗീതോത്സവം: വീണയില്‍ വിസ്മയം വിരിയിച്ച് ദമ്പതിമാര്‍

പയ്യന്നൂര്‍: മൂന്നു ദിവസത്തെ വായ്പാട്ട് ഉപകരണത്തിന് വഴിമാറിയ നാലാംനാള്‍ തുരീയം സംഗീതോത്സവ വേദിക്ക് സമ്മാനിച്ചത് വിസ്മരിക്കാനാവാത്ത സംഗീത രാവ്. ജയരാജ് കൃഷ്ണനും ജയശ്രീ ജയരാജും വീണയുടെ തന്ത്രികളില്‍ തെളിയിച്ച രാഗവിളക്കുകള്‍ പ്രേക്ഷക മനസ്സുകളില്‍ സുവര്‍ണ പ്രഭയായ് പെയ്തിറങ്ങി. മോഹനത്തില്‍ വര്‍ണം പാടിയ ശേഷം നാട്ടരാഗത്തില്‍ മഹാഗണപതീം... എന്ന കീര്‍ത്തനത്തോടെയാണ് കച്ചേരിക്ക് തുടക്കമിട്ടത്. ശ്യാമരാഗത്തില്‍ മാനസ സഞ്ചരരേ... എന്ന ജനപ്രിയ ഗാനം വീണയില്‍ ആലപിച്ച ജയരാജും ജയശ്രീയും വാഗേശ്രീ, രാഗമാലിക തുടങ്ങിയ രാഗങ്ങളിലൂടെ സഞ്ചരിച്ച് തില്ലാന പാടിയാണ് കച്ചേരി അവസാനിപ്പിച്ചത്. തുരീയം വേദിയില്‍ മൂന്നാം തവണയാണ് സംഗീത ദമ്പതിമാര്‍ എത്തുന്നത്. മൃദംഗത്തിന്‍െറ ശബ്ദഗാംഭീര്യം പൂര്‍ണമായി ആവാഹിച്ച് കെ.എം.എസ്. മണി ശക്തമായ പിന്തുണ നല്‍കിയപ്പോള്‍ ഘടത്തില്‍ കോവൈ സുരേഷിന്‍െറ വൈഭവം സംഗീതസന്ധ്യയെ ഭാവദീപ്തമാക്കി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു.അഞ്ചാം ദിനമായ ഇന്ന് മാമ്പലം സഹോദരിമാരായ വിജയലക്ഷ്മി, ചിത്ര എന്നിവരുടെ വായ്പാട്ടാണ്. ഡോ. ആര്‍.ഹേമലത (വയലിന്‍), നെല്ലായ് ബാലാജി (മൃദംഗം), സി.വി. വെങ്കിടസുബ്രഹ്മണ്യം (ഘടം), ഭാഗ്യലക്ഷ്മി എം.കൃഷ്ണ (മുഖര്‍ശംഖ് ) എന്നിവര്‍ പക്കമേളമൊരുക്കും. കെ.പി. ബാലകൃഷ്ണ പൊതുവാള്‍ മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.