‘ഓപറേഷന്‍ റെയിന്‍ബോ’ : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി

കണ്ണൂര്‍: മഴക്കാലത്ത് വാഹനാപകടങ്ങള്‍ കുറക്കുന്നതിനായി ജില്ലാ പൊലീസും ട്രാഫിക് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പിന്‍െറ സഹകരണത്തോടെ നടത്തുന്ന ഓപറേഷന്‍ റെയിന്‍ബോയുടെ ഭാഗമായി ജില്ലയിലെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൊലീസ് ഗ്രൗണ്ടില്‍ നടന്നു. വാഹനങ്ങളുടെ രേഖകള്‍ക്കുപുറമെ ബ്രേക്ക്, ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, ടയര്‍, വൈപ്പര്‍ തുടങ്ങിയവ വാഹനങ്ങളുടെ സര്‍വിസിന് ഉതകുംവിധത്തിലാണോ എന്നും പരിശോധിക്കും. വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തിയ ശേഷം ‘ഓപറേഷന്‍ റെയിന്‍ബോ’ എന്നെഴുതിയ സ്റ്റിക്കറും നല്‍കും. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പൊലീസ് ഗ്രൗണ്ടില്‍ നടത്തിയ പരിശോധനയില്‍ വിവിധ മോട്ടോര്‍ കമ്പനികളുടെയും സഹകരണം ഉറപ്പുവരുത്തി. അതത് കമ്പനികളുടെ പ്രതിനിധികള്‍ വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കി. തകരാറുള്ള വാഹനങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന നിര്‍ദേശത്തോടെ വിട്ടയച്ചു. ദിവസങ്ങള്‍ക്കകം തകരാറുകള്‍ പരിഹരിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളും. പരിശോധനക്കുശേഷം നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചും ഹെല്‍മറ്റ് ധരിച്ചും സര്‍വിസ് നടത്തിയ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് സൗജന്യമായി ഒരു ലിറ്റര്‍ പെട്രോള്‍ ലഭ്യമാക്കുന്നതിനുള്ള സമ്മാന കൂപ്പണും അധികൃതര്‍ വിതരണം ചെയ്തു. കൂപ്പണുകള്‍ ഓരോ പെട്രോള്‍ പമ്പുകളിലും സൂക്ഷിച്ച പെട്ടികളില്‍ നിക്ഷേപിച്ചാല്‍ ഓരോ ആഴ്ചയിലും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വാഹന യാത്രക്കാര്‍ക്ക് ഓരോ ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് ചീഫ് പി. ഹരിശങ്കര്‍ നിര്‍വഹിച്ചു. ട്രാഫിക് നോഡല്‍ ഓഫിസര്‍ വി.കെ. അബ്ദുല്‍ നിസാര്‍, ഡിവൈ.എസ്.പി കെ.കെ. മൊയ്തീന്‍ കുട്ടി, ടൗണ്‍ എസ്.ഐ സബീഷ്, ട്രാഫിക് എസ്.ഐമാരായ സുധാകരന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.