ഇംഹാന്‍സില്‍ നിന്ന് മരുന്നു മുടങ്ങി; ആരോഗ്യ മന്ത്രി ഇടപെട്ട് പുന:സ്ഥാപിച്ചു

കാഞ്ഞങ്ങാട്: സാമൂഹിക മാനസിക സുരക്ഷാ പ്രോജക്ടായ ഇംഹാന്‍സില്‍ നിന്ന് ലഭിക്കുന്ന മരുന്നു മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് വിതരണം പുന:സ്ഥാപിച്ചു. സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്ന ബദിയടുക്കയിലെ ബിനുവിന്‍െറ പിതാവ് തോമസ് അറിയിച്ചതനുസരിച്ചാണ് ആരോഗ്യ മന്ത്രി ഇടപെട്ടത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡി.എം.ഒ എന്നിവരുമായി ബന്ധപ്പെട്ട് ഒൗഷധങ്ങള്‍ അടിയന്തരമായി എത്തിക്കാന്‍ മന്ത്രി നിര്‍ദേശിക്കുക യായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമായ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍െറ കാലത്താണ് ഇംഹാന്‍സ് വഴി മരുന്ന് നല്‍കിത്തുടങ്ങിയത്. മാനസിക വെല്ലുവിളി നേരിടുന്ന നിര്‍ധനര്‍ക്ക് വിലയേറിയ മരുന്നുകള്‍ ഉള്‍പ്പെടെ ഇംഹാന്‍സ് വഴി വിതരണം ചെയ്യുന്നുണ്ട്. ജില്ലയില്‍ മാനസിക വെല്ലുവിളി നേരിടുന്ന 6000ത്തോളം പേര്‍ക്ക് ഇതുവഴി മരുന്ന് ലഭ്യമാക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിമാസം 1000 രൂപയുടെ മരുന്നുകള്‍ വരെ ഓരോരുത്തര്‍ക്കും നല്‍കുന്നുണ്ട്. ഇംഹാന്‍സ് മുഖേന സൗജന്യ ചികിത്സയും ലഭ്യമാ ക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷമായി ഇംഹാന്‍സില്‍ നിന്ന് നാമമാത്രമായ മരുന്നുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. കഴിഞ്ഞ ആറുമാസമായി മരുന്നു വിതരണം പാടേ നിലച്ചു. മരുന്നുകള്‍ കിട്ടാതായതോടെ നിര്‍ധന കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാണ്. വിലകൂടിയ മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങാന്‍ കഴിയാത്ത അവസ്ഥയുമാണ്. മരുന്നു കിട്ടാതെ പലരുടെയും നില വഷളാകുന്ന സാഹചര്യമുണ്ട്. മന്ത്രിയെ വിവരമറിയിച്ച തോമസിന്‍െറ മകന്‍ ബിനു ഉള്‍പ്പെടുന്ന ബദിയടുക്ക പി.എച്ച്.സിയില്‍ മാത്രം ദിവസേന 75നും 100നുമിടയില്‍ ആളുകള്‍ മരുന്നുവാങ്ങാന്‍ എത്തുന്നുണ്ടെന്ന് ഇംഹാന്‍സ് ജില്ലാ കോഓഡിനേറ്റര്‍ ബിനു ജോര്‍ജ് പറഞ്ഞു. മലയോരത്തുള്ള മറ്റു ചില പി.എച്ച്.സികളില്‍ ദിവസേന 20 മുതല്‍ 40 വരെ ആളുകള്‍ എത്താറുണ്ട്. മരുന്ന് മുടങ്ങിയ വിവരം കഴിഞ്ഞ മാര്‍ച്ചില്‍ അധികൃതര്‍ രേഖാമൂലം ആരോഗ്യ മന്ത്രിയെ അറിയിച്ചിരുന്നുവെങ്കിലും വകുപ്പ് അധികൃതര്‍ സാമ്പത്തിക ബാധ്യത പറഞ്ഞ് നടപടിയെടുക്കാതിരിക്കുക യായിരുന്നു. മന്ത്രി ഇടപെട്ടതോടെ, ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സൗജന്യ മരുന്ന് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാംദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.