50 വര്‍ഷമായിട്ടും പട്ടയമില്ല: തൈക്കടപ്പുറം ഫിഷറീസ് കോളനിവാസികള്‍ ദുരിതത്തില്‍

നീലേശ്വരം: ഫിഷറീസ് വകുപ്പിന്‍െറ അനാസ്ഥമൂലം തൈക്കടപ്പുറത്തെ ഫിഷറീസ് കോളനി കുടുംബങ്ങള്‍ ദുരിതക്കയത്തില്‍. ഇവിടത്തെ 10 കുടുംബങ്ങള്‍ക്ക് 50 വര്‍ഷമായിട്ടും പട്ടയം ലഭിച്ചിട്ടില്ല. ഇവര്‍ക്കായി അഞ്ചു സെന്‍റ് വീതം അളന്ന് തിട്ടപ്പെടുത്തിയെങ്കിലും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. പൊളിഞ്ഞുവീഴാറായ വീടുകളാണ് കോളനിയിലുള്ളത്. രണ്ടു കുടുംബത്തിനായി ഒരു കക്കൂസ് മാത്രം. ജില്ലയില്‍ ഫിഷറീസ് വകുപ്പ് സ്ഥലം പതിച്ചുനല്‍കാത്ത മത്സ്യത്തൊഴിലാളികള്‍ പാര്‍ക്കുന്ന ഏക ഫിഷറീസ് കോളനി തൈക്കടപ്പുറമാണ്. പട്ടയം ലഭിക്കാത്തതിനാല്‍ സര്‍ക്കാറിന്‍െറ ഒരാനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. മാറിവരുന്ന സര്‍ക്കാറുകള്‍ക്ക് നിവേദനം നല്‍കാറുണ്ടെങ്കിലും പരിഹാരമൊന്നുമായില്ല. പി. കരുണാകരന്‍ എം.പി, തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ മുമ്പ് കോളനി സന്ദര്‍ശിച്ചിരുന്നു. എന്നിട്ടും പട്ടയം നല്‍കാനുള്ള നടപടികളൊ ന്നുമായില്ല. മഴക്കാലം തുടങ്ങിയതോടെ വീടുകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. കോളനിക്കാരിയായ ടി.കെ. ജാനുവിന്‍െറ വീട് ഏതുനിമിഷവും തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. ടി.പി. നാരായണി, പി.കെ. രഘു, ആരതി, പവിത്രന്‍ എന്നിവരുടെ ഓടിട്ടവീടുകളും തകര്‍ച്ചയിലാണ്. മഴ ശക്തമാകുന്നതോടെ എങ്ങനെ വീടുകളില്‍ കഴിയും എന്ന ആശങ്കയിലാണ് കുടുംബങ്ങള്‍. പുതിയ സര്‍ക്കാര്‍ വന്നതോടെ തങ്ങളുടെ ദുരിതത്തിന് എന്തെങ്കിലും പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാര്‍. ഫിഷറീസ് വകുപ്പും റവന്യൂ വകുപ്പും എത്രയും വേഗം പട്ടയം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.