കണ്ണൂര്‍: അടച്ചുപൂട്ടിയ സി.പി.എം നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരിയിലെ വിവാദ കണ്ടല്‍ പാര്‍ക്ക് വീണ്ടും ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നു. പരിസ്ഥിതിദിനത്തില്‍ പദ്ധതിപ്രദേശത്ത് കണ്ടല്‍ച്ചെടി നട്ട് ഇ.പി. ജയരാജന്‍ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വിത്തിട്ടത്. പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുമെന്നും പരിസ്ഥിതിവാദികള്‍ വികസന വിരോധികളാണെന്നുമാണ് ഇ.പി. ജയരാജന്‍ പറഞ്ഞത്. ഇതോടെ, പാര്‍ക്ക് തുറക്കാനുള്ള നീക്കം അനുവദിക്കുകയില്ളെന്നും ഇതിനായി ഏതറ്റംവരെയും പോകുമെന്നുപറഞ്ഞ് കെ. സുധാകരനും യൂത്ത് കോണ്‍ഗ്രസും രംഗത്തത്തെി. കണ്ടല്‍ സംരക്ഷണവുമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസിന്‍െറ വെല്ലുവിളി ആവശ്യമില്ലാത്തതാണെന്നും പറഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും രംഗത്തുവന്നതോടെ കണ്ടല്‍പാര്‍ക്ക് വിവാദത്തിന് ചൂടുപിടിക്കുകയായിരുന്നു. 2010 ഏപ്രിലിലാണ് വളപട്ടണം പാലത്തോടു ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ സി.പി.എമ്മിന്‍െറ നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റി കണ്ടല്‍ തീം പാര്‍ക്ക് ആരംഭിച്ചത്. സിനിമാതാരം സുരേഷ്ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് വാങ്ങി പ്രവേശം നല്‍കിയ പാര്‍ക്കില്‍ പാലങ്ങള്‍, നടപ്പാതകള്‍, ഏറുമാടം, വാച്ച്ടവറുകള്‍, ഭക്ഷണശാലകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ എന്നിവയുണ്ടായിരുന്നു. കണ്ടല്‍ച്ചെടികളും സംരക്ഷണവും ബോധവത്കരണവുമായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം. പാര്‍ക്കിന്‍െറ വികസനത്തിനൊപ്പം ഇവിടെ കണ്ടല്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനും തീരുമാനമുണ്ടായിരുന്നു. എന്നാല്‍, തീരദേശ, പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മാണമെന്നും കണ്ടല്‍ക്കാടിനെ നശിപ്പിക്കുന്നതും ഇവിടത്തെ ആവാസവ്യവസ്ഥയെ തകരാറിലാക്കുന്നതുമാണ് പാര്‍ക്കെന്നും വാദമുയര്‍ത്തി കോണ്‍ഗ്രസും പരിസ്ഥിതി സംഘടനകളും രംഗത്തുവരുകയായിരുന്നു. പരിസ്ഥിതിസംരക്ഷണം രാഷ്ട്രീയയുദ്ധമായി മാറിയതോടെ സി.പി.എമ്മിന് പിടിച്ചുനില്‍ക്കാനായില്ല. കേന്ദ്ര പരിസ്ഥിതിമന്ത്രി ജയറാം രമേഷ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ക്കിനെതിരെ നിലകൊണ്ടു. ഇതോടെ പ്രവര്‍ത്തനം ആരംഭിച്ച് ഏഴു മാസത്തിനുള്ളില്‍തന്നെ പാര്‍ക്ക് അടച്ചുപൂട്ടി. ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പാര്‍ക്കിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് സൊസൈറ്റി ഇതിന് തടയിടുകയായിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ തുറക്കാന്‍ അനുമതിയില്ളെങ്കിലും പാര്‍ക്കിന് അറ്റകുറ്റപ്രവൃത്തികള്‍ നടത്തുന്നതിനുള്ള വിധിയും സൊസൈറ്റി നേടി. അടുത്തതന്നെ പാര്‍ക്കില്‍ അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇ.പി. ജയരാജന്‍െറ പ്രസ്താവന. പാര്‍ക്ക് തുറക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിസ്ഥിതിസംഘടനകളും സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.