തദ്ദേശ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

തലശ്ശേരി: സാമ്പത്തിക പ്രതിസന്ധി കാരണം 2016-17 വര്‍ഷത്തെ പദ്ധതി ആസൂത്രണം നടത്താനാകാതെ തദ്ദേശ സ്ഥാപനങ്ങള്‍ ആശങ്കയില്‍. ഭൂരിപക്ഷം ഭരണസമിതികളും എല്‍.ഡി.എഫ് ആയതിനാല്‍ പുതിയ സര്‍ക്കാറിലാണ് ഇവരുടെ പ്രതീക്ഷ. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന കാലത്ത് സാമ്പത്തിക ഞെരുക്കത്തിന്‍െറ പേരില്‍ ഫണ്ടില്‍ സര്‍ക്കാര്‍ പിടിത്തമിട്ടതാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക് നയിച്ചത്. ബജറ്റില്‍ അനുവദിച്ച തുക 10 ഗഡുക്കളായാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. ഈ ഫണ്ട് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കും. പദ്ധതി നിര്‍വഹണം പൂര്‍ത്തിയായാല്‍ ബില്‍ നല്‍കി തുക പിന്‍വലിക്കുന്നതായിരുന്നു രീതി. മാര്‍ച്ച് 31നുശേഷം ബാക്കിവരുന്ന തുക ട്രഷറി അക്കൗണ്ടില്‍ തന്നെ ഉണ്ടാകുമായിരുന്നു. എന്നാല്‍, ഇതിന് സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാറ്റം വരുത്തി. കഴിഞ്ഞ മാര്‍ച്ച് 31നുശേഷം അവശേഷിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ തിരിച്ചെടുത്തു. ഇതേതുടര്‍ന്ന് സെക്രട്ടറിമാരുടെ ട്രഷറി അക്കൗണ്ടില്‍ തുകയില്ല. ഇത് കാരണം മാര്‍ച്ചിനുശേഷം പൂര്‍ത്തിയായ പ്രവൃത്തികളുടെ ബില്‍മാറ്റി നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. മറ്റുവകുപ്പുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ടിങ് രീതി. എന്നാല്‍, യു.ഡി.എഫ് അതിലും മാറ്റം വരുത്തി. 2015-16 ബജറ്റില്‍ അനുവദിച്ച ഫണ്ടിന്‍െറ ഒരുഗഡു കൂടി പഞ്ചായത്തുകള്‍ക്ക് കിട്ടാനുണ്ട്. സ്പില്‍ഓവര്‍ പ്രവൃത്തിക്ക് നല്‍കേണ്ട തുകയാണിത്. ഇതുസംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍നിന്ന് സ്പില്‍ ഓവര്‍ പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തേണ്ടി വരുമോയെന്ന ആശങ്കയും ഭരണസമിതികള്‍ക്കുണ്ട്. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് സെക്രട്ടറിമാരുടെ ആവശ്യം. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് 2016-17 വര്‍ഷത്തെ പദ്ധതി ആസൂത്രണം തുടങ്ങിയിട്ടില്ല. ഇതിനാവശ്യമായ സംവിധാനവും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഇതിനാവശ്യമായ സോഫ്വെയറും ഇതുവരെ തയാറാക്കിയിട്ടില്ളെന്നാണ് സെക്രട്ടറിമാര്‍ പറയുന്നത്. ഇത് കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യം വെക്കുന്ന പദ്ധതികളെയാണ് പ്രധാനമായും ബാധിക്കുകയെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മഴ തുടങ്ങും മുമ്പുതന്നെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ രൂപം നല്‍കേണ്ടതുണ്ട്. എന്നാല്‍, ഈ ദിശയിലുള്ള ശ്രമങ്ങള്‍ക്കൊന്നും ഇതുവരെ തുടക്കം കുറിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.