ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവം: ബാങ്ക് അധികൃതരെ പ്രതിചേര്‍ക്കാന്‍ സാധ്യത

തലശ്ശേരി: ഐ.ഡി.ബി.ഐ ബാങ്ക് ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരി മേലൂരിലെ വില്‍ന വിനോദ് സെക്യൂരിറ്റി ജീവനക്കാരന്‍െറ വെടിയേറ്റുമരിച്ച സംഭവത്തില്‍ ബാങ്ക് അധികൃതരെ പ്രതിചേര്‍ക്കാന്‍ സാധ്യത. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് ചീഫ് ഹരിശങ്കര്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.ഐ പി.എം. മനോജിന്‍െറ നേതൃത്വത്തില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. സമാനമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ശേഖരിക്കാനും പൊലീസ് നടപടി തുടങ്ങിയതായി എസ്.പി പറഞ്ഞു. ധനകാര്യസ്ഥാപനങ്ങള്‍ എ.ടി.എമ്മുകള്‍ പണം നിറക്കാന്‍ പോകുന്നത് ഉള്‍പ്പെടെ സ്വകാര്യ സെക്യൂരിറ്റിക്കാരെയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ സായുധരായ സെക്യൂരിറ്റി ജീവനക്കാരെ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യവും പരിശോധിക്കും. കാഞ്ചി വലിക്കാതെയാണ് തോക്കില്‍നിന്ന് വെടി ഉതിര്‍ന്നതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തിമായിട്ടുണ്ട്. തോക്ക് ലോക്ക് ചെയ്ത നിലയിലുമായിരുന്നു. പിന്നെ എങ്ങനെയാണ് വെടിപൊട്ടിയതെന്നത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. അപകടം നടന്ന ലോഗന്‍സ് റോഡിലെ റാണി പ്ളാസ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഡി.ബി.ഐ ബാങ്കില്‍ വെള്ളിയാഴ്ച മുതല്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാരുണ്ട്. കൂടാതെ, കൊച്ചിയില്‍നിന്ന് തോക്കുമായത്തെിയ സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്കിന്‍െറ സുരക്ഷാച്ചുമതല ഏറ്റെടുത്തു. ബാങ്കിന്‍െറ ഉന്നത ഉദ്യോഗസ്ഥരത്തെി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. സംഭവത്തില്‍ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരന്‍ അഞ്ചരക്കണ്ടി ഓടക്കാട് കിനാലൂര്‍ ഹരിശ്രീയില്‍ ഹരീന്ദ്രന്‍ റിമാന്‍ഡിലാണ്. അതിനിടെ ഹരീന്ദ്രന്‍ ഉപയോഗിച്ച അപകടത്തിനിടയാക്കിയ തോക്കിന്‍െറ ജമ്മു-കശ്മീര്‍ സംസ്ഥാനത്തുനിന്നുള്ള ലൈസന്‍സ് ബന്ധുക്കള്‍ അന്വേഷണ ഉദ്യാഗസ്ഥനായ ടൗണ്‍ സി.ഐ പി.എം. മനോജ് മുമ്പാകെ ഹാജരാക്കി. തോക്ക് ലൈസന്‍സിന്‍െറ ഒറിജിനല്‍ ഹാജരാക്കാന്‍ ഹരീന്ദ്രന്‍െറ ബന്ധുക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.