പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി: സര്‍വേ നടത്താന്‍ തീരുമാനം

കണ്ണൂര്‍: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കകം സര്‍വേ നടത്താന്‍ ജില്ലാ വികസനസമിതി യോഗം നിര്‍ദേശിച്ചു. പട്ടികജാതി വിഭാഗങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങളിലെ എട്ടാം ക്ളാസ് മുതല്‍ കോളജ് തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനമുറിയും പഠനോപകരണങ്ങളും ഒരുക്കാന്‍ രണ്ടുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്‍െറ ഭാഗമായാണ് അര്‍ഹരെ കണ്ടത്തൊന്‍ സര്‍വേ നടത്തുന്നത്. രണ്ടാഴ്ചക്കകം പ്രോജക്ട് സമര്‍പ്പിക്കണമെന്ന് പി.കെ. ശ്രീമതി എം.പി, എ.എന്‍. ഷംസീര്‍ എം.എല്‍.എ എന്നിവര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതി വികസന വകുപ്പിനോട് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വന്ധ്യത ചികിത്സ കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതി തയാറാക്കണമെന്ന് ശ്രീമതി എം.പി നിര്‍ദേശിച്ചു. സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമാണ് വന്ധ്യതാ ചികിത്സക്ക് സൗകര്യമുള്ളത്. കണ്ണൂരിലെ റീജനല്‍ ഹെല്‍ത്ത് ലാബിനെ മലബാറിലെ മികച്ച സ്ഥാപനമാക്കി മാറ്റാന്‍ പദ്ധതി തയാറാക്കണമെന്നും എം.പി നിര്‍ദേശിച്ചു. പയ്യന്നൂര്‍ മിനി സിവില്‍സ്റ്റേഷന്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനും യോഗം ആവശ്യപ്പെട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പുതിയ ഓട്ടോക്ളേവ് യന്ത്രം വാങ്ങാന്‍ 13 ലക്ഷം രൂപയുടെ ശിപാര്‍ശ തയാറാക്കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു. ഓട്ടോക്ളേവ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങിയ കാര്യം എ.എന്‍. ഷംസീര്‍ എം.എല്‍.എയാണ് ഉന്നയിച്ചത്. തലശ്ശേരി നഗരത്തിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കാനും യോഗം നിര്‍ദേശം നല്‍കി. കടലാക്രമണം രൂക്ഷമാകുന്ന ഏഴിടങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ പഠനത്തിനായി പുണെ ആസ്ഥാനമായ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായി തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാവുന്ന ധര്‍മടം മേല്‍പാലത്തില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ ദേശീയപാത വിഭാഗത്തോട് യോഗം നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയില്‍ മലിനജല സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ആവശ്യപ്പെട്ടു. എ.ഡി.എം മുഹമ്മദ് യൂസഫ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) മുരളീധരന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.