അറവിലകത്ത് അടിപ്പാത: ജനപ്രതിനിധികളുടെ സഹകരണത്തോടെ യാഥാര്‍ഥ്യമാക്കും –കര്‍മസമിതി

മാഹി: ന്യൂമാഹിയെയും പള്ളൂരിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്ന അറവിലകത്ത് റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കര്‍മസമിതി യോഗം തീരുമാനിച്ചു. ഇതിനായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും സഹകരണം തേടും. പള്ളൂര്‍, ഇരട്ടപ്പിലാക്കൂല്‍, നടവയല്‍ റോഡ് വഴി ന്യൂമാഹി, കല്ലായി അങ്ങാടിയിലൂടെ എളുപ്പം മാഹിപ്പാലം കവലയിലത്തൊന്‍ അറവിലകത്ത് അടിപ്പാത ഏറെ സഹായകമാകും. നാലുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന അടിപ്പാത നിര്‍മിക്കാന്‍ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിനായി പുതുച്ചേരിയിലെയും കേരളത്തിലെയും എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരെ നേരില്‍കണ്ട് സഹായസഹകരണങ്ങള്‍ തേടും. പുതുച്ചേരി എം.പി ആര്‍. രാധാകൃഷ്ണന്‍, വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍, റിച്ചാര്‍ഡ് ഹേ എം.പി, തലശ്ശേരി എം.എല്‍.എ അഡ്വ. എ.എന്‍. ഷംസീര്‍, വടകര എം.എല്‍.എ സി.കെ. നാണു എന്നിവരെ കര്‍മസമിതിയുടെ നേതൃത്വത്തിലുള്ള സംഘം നേരില്‍കണ്ട് അടിപ്പാതയുടെ ആവശ്യകത ബോധ്യപ്പെടുത്തും. ചൊക്ളി, പന്ന്യന്നൂര്‍ പഞ്ചായത്തുകളുടെയും സഹകരണം തേടും. മാഹി പാലം മുതല്‍ പള്ളൂര്‍വരെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മൂന്നു കിലോമീറ്ററോളം യാത്രാദൈര്‍ഘ്യം കുറക്കാനും സഹായിക്കുന്നതാണ് അറവിലകത്ത് അടിപ്പാത വഴിയുള്ള റോഡ്. യോഗം ഡോ. വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. ചന്ദ്രദാസന്‍ അധ്യക്ഷത വഹിച്ചു. ഇരുവരും അടിപ്പാത യാഥാര്‍ഥ്യമാക്കാന്‍ എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു. സി.കെ. രവീന്ദ്രന്‍, അന്‍സില്‍ അരവിന്ദ്, എന്‍.കെ. പ്രേമന്‍, കെ.എം. പ്രഭാകരന്‍, എസ്.കെ. വിജയന്‍, കെ.ഇ. സുലോചന, കര്‍മസമിതി പ്രസിഡന്‍റ് എടോളില്‍ പുരുഷോത്തമന്‍, ടി.ഇ. വിജയന്‍, വി. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.