വീട് നിര്‍മിക്കാന്‍ സഹായവുമായി വിദ്യാര്‍ഥികള്‍

കൂത്തുപറമ്പ്: സ്വന്തമായി വീടില്ലാത്തതിനെ തുടര്‍ന്ന് വാടക വീട്ടില്‍ കഴിയുകയായിരുന്ന സ്പെഷല്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവിന് വീട് നിര്‍മിച്ച് എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ മാതൃകയായി. വേങ്ങാട് ഊര്‍പ്പള്ളിയിലെ മുഹമ്മദ് അജ്മലിനാണ് ഇ.കെ. നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ വീട് നിര്‍മിക്കുന്നത്. ജന്മനാ വൈകല്യം ബാധിച്ച മുഹമ്മദ് അജ്മല്‍ കഴിഞ്ഞ വര്‍ഷം ലോസ് ആഞ്ജലസില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സിലാണ് വെള്ളി മെഡല്‍ നേടിയത്. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട അജ്മലിനെയും സഹോദരിയെയും മാതാവാണ് വളര്‍ത്തിയത്. ചാലയിലെ ശാന്തിദീപം സ്പെഷല്‍ സ്കൂളിലാണ് ഇവരെ പഠിപ്പിച്ചത്. കുടുംബത്തിന്‍െറ ദയനീയ സ്ഥിതി മനസ്സിലാക്കിയാണ് എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ അജ്മലിന് വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കമ്മിറ്റി രൂപവത്കരിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സി.പി. അനിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഷിനിത്ത് പാട്യം, പ്രിന്‍സിപ്പല്‍ കെ.ഒ. ഉണ്ണികൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍റ് പി. പവിത്രന്‍, സി.പി. പ്രശാന്ത്, പ്രദീപന്‍ തൈക്കണ്ടി, സി.കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികളായ അഞ്ജൂഷ് ബാലന്‍, പി. രാഹുല്‍, അഷിന്‍ കെ. അശോക്, ഇ.ജി. അലക്സാണ്ടര്‍, ദിനില്‍ ദാസ്, സനത്ത് മാവില എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം. 15 ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന വീട് അഞ്ചുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി. വീട് നിര്‍മാണ സഹായത്തിന് സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ അഞ്ചരക്കണ്ടി ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. A/c No: 0767053000006518, IFSC Code: SIBL 0000767. ഉദാരമതികള്‍ സഹായിക്കണമെന്ന് വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.