പൊലീസ് നടപടി ഏകപക്ഷീയമെന്ന്; കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കി

കണ്ണൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ വ്യാപക ആക്രമണങ്ങളില്‍ പ്രതികളെ പിടികൂടാതെ പൊലീസ് ഏകപക്ഷീയ നടപടി സ്വീകരിക്കുന്നുവെന്ന് കാണിച്ച് ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന സംഭവത്തില്‍ പൊലീസ്, നടപടി സ്വീകരിക്കുന്നില്ല. ഇതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും കെ. സുരേന്ദ്രന്‍ എസ്.പിയോട് പറഞ്ഞു. പയ്യന്നൂരിലെ കോളജ് അധ്യാപകരായ പ്രജിതയുടെയും ഉണ്ണികൃഷ്ണന്‍െറയും കാറുകള്‍ കത്തിച്ച സംഭവത്തിലും കാങ്കോല്‍ ആലപ്പടമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് നാരായണന്‍െറ കാര്‍ തകര്‍ത്ത സംഭവത്തിലും ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരാള്‍പോലും അറസ്റ്റിലായിട്ടില്ല. 60ഓളം കേസുകളിലാണ് പൊലീസ് പക്ഷപാതസമീപനം സ്വീകരിച്ചിട്ടുള്ളത്. കുട്ടിമാക്കൂലിലെ ദലിത് പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് കള്ളക്കേസ് ചുമത്തി. സി.പി.എം ഓഫിസില്‍ കയറി പ്രവര്‍ത്തകരെ വടികൊണ്ട് അടിച്ചുവെന്നായിരുന്നു ആദ്യം പരാതിയെങ്കില്‍ പിന്നീട് ഇരുമ്പുവടികൊണ്ട് അടിച്ചുവെന്ന് എഫ്.ഐ.ആറില്‍ മാറ്റി. ഈ സമീപനം തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയാറാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.