പുതിയതെരു: വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി വസ്തു ശേഖരം പിടികൂടി. പുതിയതെരുവും കാട്ടാമ്പള്ളിയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വില്‍പനക്കായുള്ള വന്‍ ലഹരി വസ്തുശേഖരം പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 12 മണിയോടെ വളപട്ടണം പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയത്. പുതിയതെരുവിലും കാട്ടാമ്പള്ളിയിലുമായി ഗോഡൗണുകളില്‍ സൂക്ഷിച്ച ഉല്‍പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശുകാരായ അഖിലേഷ് താഹ (22), രാജ്കുമാര്‍ ചൗഹാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുതിയതെരു ഹൈവെ ജംഗ്ഷനു സമീപം തിളപ്പറമ്പ് റോഡിലെ പ്രകാശ് ക്വാര്‍ട്ടേഴ്സില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഇരുവരും ബോംബെ മിഠായി വില്‍പനക്കാരാണ്. ഇതിന്‍െറ മറവിലാണ് സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത്. പിടികൂടിയ ഉല്‍പന്നങ്ങള്‍ കണ്ണൂരിലും സമീപ പ്രദേശങ്ങളിലും പുതിയതെരു, വളപട്ടണം, കാട്ടാമ്പള്ളി, നാറാത്ത്, കമ്പില്‍, കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും വില്‍പനക്കായി മൊത്തവ്യാപാരത്തിന് സൂക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. എതാണ്ട് അമ്പതിനായിരത്തിലധികം വരുന്ന പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇവ ഒഡിഷയില്‍ നിന്നാണ് എത്തിക്കുന്നത്. ഇവര്‍ക്കു പിന്നില്‍ വന്‍ റാക്കറ്റുണ്ടാകുമെന്നും ഇവര്‍ ഇടനിലക്കാര്‍ മാത്രമായിരിക്കുമെന്നും എസ്.ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. വിദ്യാലയപരിസരത്ത് പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ നാലുപേര്‍ പിടിയിലായി. താണ മുഴത്തടം യു.പി സ്കൂളിനടുത്ത ദൂരപരിധി ലംഘിച്ച് പുകയില ഉല്‍പന്ന വില്‍പന നടത്തിയ സഫീര്‍, മുനിസിപ്പല്‍ സ്കൂള്‍ പരിസരത്ത് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ വാസു, സെന്‍റ് മൈക്കിള്‍സ് സ്കൂളിനടുത്ത വ്യാപാരി നാരായണന്‍ എന്നിവരെയും പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുമ്പോള്‍ കടക്കുമുന്നില്‍ പതിക്കേണ്ട മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതിന് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സിറാജ് എന്നിവരെയുമാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.