തൊഴില്‍ സുരക്ഷിതത്വമില്ല: തെങ്ങുകയറ്റ തൊഴിലാളികള്‍ സമരത്തിലേക്ക്

കണ്ണൂര്‍: ഇതര തൊഴില്‍ മേഖലകളിലെല്ലാം ക്ഷേമനിധിയും പെന്‍ഷനുമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന അധികൃതര്‍ തെങ്ങുകയറ്റ തൊഴിലാളികളെ അവഗണിക്കുന്നത് പാരമ്പര്യ തൊഴില്‍മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിലേക്ക്. ഒരേ തൊഴില്‍ മേഖലയിലുള്ള കള്ളുചത്തെ് തൊഴിലാളികള്‍ക്കുപോലും എല്ലാവിധ തൊഴില്‍ ആനുകൂല്യങ്ങളും ലഭ്യമാകുമ്പോഴാണ് തേങ്ങയിടാന്‍ തെങ്ങില്‍ കയറുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കാത്തത്. തൊഴിലിനിടെ തെങ്ങില്‍നിന്ന് വീണ് മരണം വരെ സംഭവിച്ചാലും അടിയന്തരസഹായം പോലും ലഭ്യമാകാത്തതിനാല്‍ പുതുതായി ആരും ഈ തൊഴില്‍മേഖലയിലേക്ക് കടന്നുവരുന്നില്ല. കേരകൃഷിയെതന്നെ ഇത് പ്രതികൂലമായി ബാധിക്കും. കൃഷിഭവനും മറ്റും മുന്‍കൈയെടുത്ത് പുതുതലമുറയെ ഈ തൊഴില്‍ മേഖലയിലത്തെിക്കാന്‍ തെങ്ങുകയറ്റ യന്ത്രം നല്‍കിയുള്ള പരിശീലനം നല്‍കിയിട്ടും വേണ്ടത്ര തൊഴിലാളികളെ കിട്ടാത്ത പ്രശ്നമുണ്ട്. യന്ത്രമുപയോഗിച്ചുള്ള തെങ്ങുകയറ്റം ഒരുതരത്തില്‍ പരാജയമാണെന്നാണ് പാരമ്പര്യ തൊഴിലാളികളുടെ പക്ഷം. വളഞ്ഞ തെങ്ങുകളിലും കുരുമുളക് വള്ളി പടര്‍ത്തിയ തെങ്ങുകളിലും യന്ത്രം ഉപയോഗിച്ച് കയറാന്‍ സാധിക്കുന്നില്ളെന്നതാണ് കാരണം. അതേസമയം, ജില്ലയുടെ ചില ഭാഗങ്ങളില്‍ യന്ത്രമുപയോഗിച്ച് യുവാക്കളുടെ നേതൃത്വത്തിലുള്ള ചങ്ങാതിക്കൂട്ടം തെങ്ങുകയറ്റ കൂട്ടായ്മ സജീവമായിരുന്നെങ്കിലും കാലക്രമേണ ഇവരും ഈ രംഗം വിട്ടൊഴിയുന്ന കാഴ്ചയാണ്. മഴക്കാലമായാല്‍ തെങ്ങില്‍ കയറാന്‍ കഴിയാതെ തൊഴിലാളികള്‍ പട്ടിണിയിലാകും. എന്നാല്‍, ഇവര്‍ക്ക് സൗജന്യ റേഷന്‍ പോലുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്നു. അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാന്‍ കേരള തെങ്ങുകയറ്റ തൊഴിലാളി യൂനിയന്‍ ജില്ലാകമ്മിറ്റി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചത്. കണ്‍വെന്‍ഷനില്‍ 200ഓളം തൊഴിലാളികള്‍ പങ്കാളികളായി. സംസ്ഥാന പ്രസിഡന്‍റ് എം. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് രാജന്‍ പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.എന്‍. കൃഷ്ണന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഭാസ്കരന്‍, ദിവകാരന്‍ കുറ്റ്യാട്ടൂര്‍, ആനവത്സന്‍, ഐ.കെ. ബാബു, മഠത്തില്‍ ലക്ഷ്മണന്‍, ടി.കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. അവകാശങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ മൂന്നിന് കലക്ടറേറ്റ് മാര്‍ച്ച് നടത്താനും സെപ്റ്റംബര്‍ 19 മുതല്‍ മൂന്നുദിവസം ജില്ലയില്‍ വാഹന പ്രചാരണജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.