നെഹ്റു കോളജ് റാഗിങ്: വ്യാപക പ്രതിഷേധം

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളജില്‍ വിദ്യാര്‍ഥിനിയെ ദേഹോപദ്രവം ഏല്‍പിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന സംഭവത്തില്‍ പ്രതിഷേധം വ്യാപകം. നീലേശ്വരം സ്വദേശിയും ബി.എ മലയാളം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ ശില്‍പ ചന്ദ്രന്‍െറ കൈയൊടിച്ചെന്നായിരുന്നു ആരോപണം. എസ്.എഫ്.ഐ പ്രവര്‍ത്തകരായ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥി അജിത്ത്, ചരിത്രവിദ്യാര്‍ഥികളായ അരുണ്‍, ഷിബിന്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചെന്നായിരുന്നു ആരോപണം. നേരത്തേ കോളജിലെ സാഹിത്യവേദി പ്രവര്‍ത്തകരായ 21ഓളം വിദ്യാര്‍ഥികള്‍ ഷിബിനെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഷിബിന്‍ തങ്ങളെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയാണെന്ന് കാണിച്ചാണ് പരാതി. ഈ പരാതിയില്‍ ഷിബിനെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ തുടരുന്നതിനിടയാണ് ഷിബിനടക്കം മൂന്നുപേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിനിയെ ദേഹോപദ്രവം ഏല്‍പിച്ചെന്ന ആരോപണമുണ്ടായത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് ടൗണില്‍ പ്രകടനം നടത്തി. കാമ്പസിനകത്ത് വിദ്യാര്‍ഥിനികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്നില്ളെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ബി.പി. പ്രദീപ്കുമാര്‍ ആരോപിച്ചു. മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെ അടിച്ചൊതുക്കുകയാണ്. ശില്‍പ ചന്ദ്രന്‍ പരാതി പിന്‍വലിച്ചാലും എസ്.എഫ്.ഐയുടെ ഫാഷിസ്റ്റ് പ്രവര്‍ത്തനത്തിനെതിരെ എല്ലാ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി സമരം ശക്തമാക്കുമെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. ഷിബിനെ സസ്പെന്‍ഡ് ചെയ്തത് കള്ളപ്പരാതിയിലാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കോളജിലെ സമരവുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാരമായ വാക്തര്‍ക്കമാണ് വ്യാജപരാതിയിലേക്കും ഷിബിന്‍െറ സസ്പെന്‍ഷനിലേക്കും നയിച്ചത്. പിന്നീട് സാഹിത്യവേദി പ്രവര്‍ത്തകരുമായുണ്ടായ വാക്തര്‍ക്കമാണ് പരാതിക്കാരിയെ സ്വാധീനിച്ച് കൈയൊടിക്കല്‍ നാടകവും മറ്റു ആക്കിയതെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.