തലശ്ശേരി നഗരസഭ 150ാം വാര്‍ഷികം: സംഘാടകസമിതിയായി; ഇനി ആഘോഷങ്ങളുടെ ഒരു വര്‍ഷം

തലശ്ശേരി: ചരിത്രത്തിലും സംസ്കാരത്തിലും അടയാളപ്പെടുത്തിയ തലശ്ശേരി പൈതൃക നഗരസഭയുടെ 150ാം പിറന്നാള്‍ നാടിന്‍െറ ആഘോഷമാക്കാനുള്ള ഒരുക്കംതുടങ്ങി. 1866 നവംബര്‍ ഒന്നിന് പിറവിയെടുത്ത കേരളത്തിലെ ആദ്യ നഗരസഭകളില്‍ ഒന്നായ തലശ്ശേരി നഗരസഭ 150 വികസനപദ്ധതികളും 150 സാംസ്കാരിക പരിപാടികളുമായാണ് 150ാം വാര്‍ഷികം ജനകീയ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങുന്നത്. ഒരുവര്‍ഷം നീളുന്ന ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടകസമിതിക്ക് രൂപംനല്‍കി. സെപ്റ്റംബറില്‍ ഉദ്ഘാടനവും അടുത്തവര്‍ഷം ഏപ്രിലില്‍ സമാപനവും നടക്കും. പഴയകാല പ്രതാപം തിരിച്ചുകൊണ്ടുവന്ന് തലശ്ശേരിയുടെ പുതുസൃഷ്ടിക്ക് തുടക്കംകുറിക്കുന്ന വികസനപ്രവര്‍ത്തനങ്ങളും ആഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 150ാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടപ്പാക്കുന്ന വികസനപദ്ധതികളുടെ രൂപരേഖ ചെയര്‍മാന്‍ സി.കെ. രമേശന്‍ അവതരിപ്പിച്ചു. മൂന്ന് ‘സി’ കളുടെ നഗരമാണ് തലശ്ശേരി. അതിന്‍െറ സ്മരണക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം, കെയ്ക്ക് മഹോത്സവം, സര്‍ക്കസ് കലാകാരന്മാരെ ആദരിക്കല്‍, സര്‍ക്കസ് പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. തലശ്ശേരിയുടെ ഗതകാല ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ചരിത്രസെമിനാറും ചരിത്രപ്രദര്‍ശനവും നാടന്‍ കലാരൂപങ്ങളുടെ പ്രദര്‍ശനവും നടത്തും. തലശ്ശേരിയുടെ ചിത്രകലാ പാരമ്പര്യം ഓര്‍മപ്പെടുത്തി അഖിലേന്ത്യാ ചിത്രരചനാ മത്സരം, അങ്കണവാടി കുട്ടികളുടെ കലോത്സവം, പുഷ്പ ഫല സസ്യപ്രദര്‍ശനം, യോഗ പ്രദര്‍ശനം, ഇന്ദുലേഖ നോവലിനെ ആസ്പദമാക്കിയുള്ള മലയാളസെമിനാറും ചര്‍ച്ചയും, ഭക്ഷ്യമേള, കളരിപ്പയറ്റ്, ജവഹര്‍ ഘട്ടിന്‍െറ പ്രാധാന്യത്തെ അടിസ്ഥാനമാക്കി ചര്‍ച്ച, നാടന്‍പാട്ട് മത്സരം, ശ്രീനാരായണ ഗുരുവിന്‍െറ ആദര്‍ശങ്ങളുടെ വര്‍ത്തമാനകാലപ്രസക്തി വെളിവാക്കുന്ന സെമിനാര്‍, നിയമ ബോധവത്കരണ പരിപാടി, അധ്യാപകസംഗമം, പ്രവാസിസംഗമം, മാധ്യമസെമിനാര്‍, നഗരസഭയിലെ 52 വാര്‍ഡുകളിലും ദിവസംമുഴുവന്‍ നീളുന്ന വാര്‍ഡ് മഹോത്സവം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖയാണ് ചെയര്‍മാന്‍ അവതരിപ്പിച്ചത്. ഇതിനു പുറമേ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ആഘോഷ കാലയളവില്‍ തുടക്കംകുറിക്കും. സംഘാടകസമിതി രൂപവത്കരണയോഗം അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. മാരാര്‍ മുഖ്യപ്രഭാഷണം നടത്തി. സബ് കലക്ടര്‍ നവജ്യോത് ഖോസ, എ.എന്‍.പി. ഉമ്മര്‍കുട്ടി, പി.വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം സ്വാഗതം പറഞ്ഞു. അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ ചെയര്‍മാനും നഗരസഭാ ചെയര്‍മാന്‍ സി.കെ. വിജയന്‍ ജനറല്‍ കണ്‍വീനറും സെക്രട്ടറി പി. രാധാകൃഷ്ണന്‍ കണ്‍വീനറുമായാണ് വിപുലമായ സംഘാടകസമിതിക്ക് രൂപംനല്‍കിയത്. വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപംനല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.