ജില്ലയില്‍ 10 പേര്‍ക്ക് ഡിഫ്തീരിയ : പ്രതിരോധ പദ്ധതിയുമായി ആരോഗ്യവകുപ്പ്

കണ്ണൂര്‍: ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ അടിയന്തര പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കര്‍മപദ്ധതിക്ക് ആരോഗ്യവകുപ്പ് രൂപംനല്‍കി. രണ്ടാഴ്ചക്കകം നടപ്പാക്കേണ്ട പരിപാടികള്‍ക്കാണ് രൂപംനല്‍കിയത്. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ അഞ്ചു ബ്ളോക്കുകളിലായി 10 ഡിഫ്തീരിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഡി.എം.ഒ ഡോ. പി.കെ. ബേബി അറിയിച്ചു. പെരിങ്ങളം, മാങ്ങാട്ടിടം, കണ്ണൂര്‍ കോര്‍പറേഷന്‍, മേക്കുന്ന്, കുന്നോത്തുപറമ്പ്, മുഴപ്പിലങ്ങാട്, മുഴക്കുന്ന്, കോടിയേരി എന്നിവിടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏഴു മുതല്‍ 55 വയസ്സുവരെയുള്ളവര്‍ രോഗബാധ സംശയിക്കുന്നവരിലുണ്ട്. ഒരാള്‍ക്ക് രോഗംബാധിച്ചാല്‍ ചുറ്റുമുള്ള 100 പേര്‍ രോഗവാഹകരായി ഉണ്ടാകുമെന്നാണ് കണക്കെന്ന് യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജി. സുനില്‍കുമാര്‍ പറഞ്ഞു. രോഗം വ്യാപിക്കാതിരിക്കാന്‍ ആന്‍റിബയോട്ടിക്കുകളും കുത്തിവെപ്പുമെടുക്കണം. തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ രണ്ടാഴ്ചക്കകം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഡ് ശുചിത്വസമിതിയും സ്കൂള്‍ പി.ടി.എകളും വിളിക്കും. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. പി.എം. ജ്യോതി, സര്‍വേയലന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീനാഥ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ്, വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.