പയ്യന്നൂര്‍: കഴിഞ്ഞ 40 ദിവസമായി പയ്യന്നൂരിന്‍െറ നനുത്ത സായന്തനങ്ങള്‍ക്ക് നാദശോഭ പകര്‍ന്നുനല്‍കിയ തുരീയം സംഗീതോത്സത്തിന് ഇന്ന് തിരശ്ശീലവീഴും. പാട്ടിന്‍െറ പൊന്നൊളിവിതറി 40ാം രാവിനെ ധന്യമാക്കിയത് കര്‍ണാടക സംഗീതലോകത്തെ താരസാന്നിധ്യം മദ്രാസ് പി. ഉണ്ണികൃഷ്ണന്‍. ‘ചക്രവാകീ രാഗത്തില്‍ ഗജാനന...’ എന്ന കീര്‍ത്തനത്തിലൂടെ ഗണപതിയെ സ്തുതിച്ച് തുടക്കം. തുടര്‍ന്ന് വരാളിയില്‍ ശേഷാചലാ..., രഞ്ജിനിയില്‍ പരമപാവന... തുടങ്ങിയ ജനപ്രിയകൃതികള്‍. പാട്ടിന്‍െറ പട്ടുനൂലിഴ മുറിയാതെ ഇടപ്പള്ളി അജിത്ത് വയലിനില്‍ ഉണ്ണികൃഷ്ണനെ നിഴല്‍പോലെ പിന്തുടര്‍ന്നപ്പോള്‍, മുദംഗത്തിന്‍െറ തോല്‍പ്പുറത്ത് ശബ്ദഗാംഭീര്യംപൊഴിച്ച് ബി. ഹരികുമാര്‍ കച്ചേരിയെ പൊലിപ്പിച്ചു. ഘടത്തില്‍ വാഴപ്പള്ളി കൃഷ്ണകുമാറിന്‍െറ സാന്നിധ്യമാണ് ശനിയാഴ്ചത്തെ മറ്റൊരു പ്രത്യേകത. സംവിധായകന്‍ മനോജ് കാന മുഖ്യാതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചിന് രാജന്‍ മിശ്ര, സാജന്‍ മിശ്ര എന്നിവര്‍ ഹിന്ദുസ്ഥാനി സംഗീതകച്ചേരി അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ടി. പത്മനാഭന്‍, എം. മുകുന്ദന്‍, ദിനേന്ദ്ര കശ്യപ് ഐ.പി.എസ്, സൂര്യ കൃഷ്ണമൂര്‍ത്തി, സുപ്രീതി എന്നിവര്‍ പങ്കെടുക്കും. 8.30ന് 12ഓളം സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപത്തോടെ പാട്ടിന്‍െറ മഹോത്സത്തിന് കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.