തൊഴിലില്ലായ്മ രൂക്ഷം; മലയോരത്ത് ആദിവാസി കോളനികളില്‍ പട്ടിണിയും രോഗവും

കേളകം: പേരാവൂര്‍ ബ്ളോക് പഞ്ചായത്തിലെ മലയോര ആദിവാസി കോളനികളിലും പുനരധിവാസ കേന്ദ്രമായ ആറളം ഫാമിലും പട്ടിണിയും രോഗവും പിടിമുറുക്കുന്നു. കനത്ത മഴ മൂലം തൊഴിലില്ലായ്മ രൂക്ഷമായതോടെ വരുമാനം നിലച്ചതാണ് ഇവരെ ഒന്നടങ്കം പട്ടിണിയിലേക്ക് കൊണ്ടത്തെിച്ചത്. കൂടാതെ കോളനികളിലും പുനരധിവാസ കേന്ദ്രമായ ആറളത്തും രോഗബാധിതരുടെ എണ്ണവും പെരുകിയതായാണ് റിപ്പോര്‍ട്ട്. ആദിവാസി മേഖലയില്‍ അടിയന്തരമായി സൗജന്യ റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേളകം പഞ്ചായത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പൂക്കുണ്ട്, നരിക്കടവ്, മുട്ടുമാറ്റി കോളനികളിലെ ദുരവസ്ഥ അധികൃതര്‍ പരിഹരിക്കുന്നില്ളെന്ന പരാതിയുണ്ട്. പട്ടിണി മരണവും പോഷകാഹാരക്കുറവ് മൂലം ബാലമരണങ്ങളും ഉണ്ടായിട്ടുള്ള പൂക്കുണ്ട്, നരിക്കടവ് കോളനികളുടെ ശോച്യാവസ്ഥ മുമ്പ് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതത്തേുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ കോളനി സന്ദര്‍ശിച്ചിരുന്നു. കോളനിയിലെ ദുരവസ്ഥ പരിഹരിക്കുന്നതിന് നടപടിയെടുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, തുടര്‍ നടപടികള്‍ ഉദ്ദേശ്യശുദ്ധിയോടെ നടപ്പാക്കുന്നതിലെ വീഴ്ച ദുരവസ്ഥ തുടരാന്‍ കാരണമായി. പട്ടിണി വാര്‍ത്ത വായിച്ചറിഞ്ഞ പഴയങ്ങാടി വാദിഹുദ വിദ്യാര്‍ഥികള്‍ ‘ഒരുപിടി അരി ഒത്തിരി സാന്ത്വനം’ എന്ന സന്ദേശവുമായി ശേഖരിച്ച ഭക്ഷ്യശേഖരം കോളനിയിലത്തെിച്ചിരുന്നു. പൂക്കുണ്ട്, നരിക്കടവ് കോളനിയിലെ അറുപതോളം കുടുംബങ്ങള്‍ കടുത്ത ദുരിതത്തില്‍ കഴിയുമ്പോള്‍ അധികാരികള്‍ മേഖലയില്‍ തിരിഞ്ഞുനോക്കുന്നില്ളെന്നും പരാതിയുണ്ട്. പെരുന്താനം, വളയഞ്ചാല്‍, രാമച്ചി, വാളുമുക്ക്, നാനാനിപൊയില്‍, കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ചുരം, അമ്പായത്തോട്, വെങ്ങലോടി, മന്ദംചേരി, കണിച്ചാര്‍ അത്തിക്കണ്ടം, ഓടപ്പുഴ തുടങ്ങിയ കോളനികളിലും ജീവിതനിലവാരം പരിതാപകരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.