കണ്ണൂരില്‍ ഒരു മാസത്തിനകം ശാസ്ത്രീയ പാര്‍ക്കിങ് സംവിധാനം –കലക്ടര്‍

കണ്ണൂര്‍: പഞ്ചായത്ത്-നഗരസഭാതലത്തില്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി ചേര്‍ന്ന് ഗതാഗതക്രമീകരണം നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. നഗരത്തില്‍ ശാസ്ത്രീയമായ പാര്‍ക്കിങ് സംവിധാനം ഒരു മാസംകൊണ്ട് നിലവില്‍വരും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് ആറു മാസത്തിനകം പൂര്‍ത്തിയാക്കും. ജില്ലയിലെ ബസ് ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത പരിശീലനം നല്‍കാനും കലക്ടറേറ്റില്‍ ചേര്‍ന്ന ബസ് ഉടമ-തൊഴിലാളി സംഘടനായോഗത്തില്‍ തീരുമാനിച്ചു. ബസുകളുടെ അമിതവേഗം സംബന്ധിച്ച് കെ.കെ. രാഗേഷ് എം.പിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം. 50 പേര്‍ വീതമുള്ള ബാച്ചാക്കി എട്ടു മാസംകൊണ്ട് പരിശീലനം പൂര്‍ത്തിയാക്കും. ഇതില്‍ പങ്കെടുത്തവര്‍ക്കുമാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഗതാഗതസംവിധാനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫൈ്ള ഓവര്‍ ഉള്‍പ്പെടെ വരുന്നുണ്ടെന്നും പെട്ടെന്ന് ചെയ്യാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ആലോചിക്കേണ്ടതെന്നും കെ.കെ. രാഗേഷ് എം.പി പറഞ്ഞു. ബസുകളുടെ റണിങ് ടൈം സംബന്ധിച്ച് ആവശ്യമായ ക്രമീകരണം വരുത്തണം. അമിതവേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ഗവര്‍ണര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. പുതിയതെരു മുതല്‍ താഴെ ചൊവ്വ വരെയും തലശ്ശേരി ഭാഗത്തും റോഡരികില്‍ ഗതാഗതതടസ്സം ഉണ്ടാക്കുന്നവിധം പാര്‍ക്ക് ചെയ്യുന്ന സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കണം. യാത്രക്ക് തടസ്സമാകുന്ന വൈദ്യുതത്തൂണുകള്‍ മാറ്റണം. വളവുകളില്‍ ഓവര്‍ടേക് ചെയ്യുന്നവരെ പിടികൂടാന്‍ കാമറ വെക്കണം. പൊതുജനങ്ങള്‍ക്ക് പരാതിപരിഹാര സംവിധാനമുണ്ടാക്കണം. ബസ് ഡ്രൈവര്‍മാരില്‍ മത്സര ഓട്ടത്തിന് സമ്മര്‍ദമുണ്ടാകുകയാണെന്നും റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ബോധവത്കരണം നടത്തണമെന്നും എം.പി പറഞ്ഞു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് 37 മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല. പ്രതിവര്‍ഷം കേരളത്തില്‍ 5000 പേര്‍ റോഡപകടങ്ങളില്‍ മരിക്കുകയും അരലക്ഷം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്യുന്നുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. പുതുതായി പെര്‍മിറ്റ് നല്‍കുന്നത് ശാസ്ത്രീയമല്ളെന്ന് ബസുടമകള്‍ പറഞ്ഞു. നഗരത്തില്‍ ഗതാഗതപരിഷ്കരണവും നിയന്ത്രണവും നടപ്പാക്കണം. കലക്ഷന്‍ബത്ത നല്‍കി തൊഴിലാളികളെ വ്യാമോഹിപ്പിക്കുകയാണെന്ന് സി.ഐ.ടി.യു നേതാവ് പി.വി. കൃഷ്ണന്‍ പറഞ്ഞു. ബസുകളില്‍ റണിങ് ടൈം പ്രദര്‍ശിപ്പിക്കുന്നില്ല. ലൈസന്‍സ് ഇല്ലാത്തവരെപ്പോലും മുതലാളിമാര്‍ ഡ്രൈവര്‍മാരാക്കുകയാണ്. പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന പ്രദേശങ്ങളിലെ റോഡ് അലെയ്ന്‍മെന്‍റ് മാറ്റണമെന്നും നിര്‍ദേശമുയര്‍ന്നു. വിമാനത്താവള അനുബന്ധ റോഡ് വികസനംകൂടി വരുന്നതോടെ ജില്ലയില്‍ റോഡുകള്‍ക്ക് സുവര്‍ണകാലമാണ് വരാന്‍ പോകുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ആര്‍.ടി.ഒ കെ.സി. മോഹനന്‍ നമ്പ്യാര്‍, പൊതുമരാമത്ത് നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥര്‍, തൊഴിലാളിസംഘടനാ പ്രതിനിധികളായ പി.വി. കൃഷ്ണന്‍, കെ. ജയരാജന്‍, പി. അജയകുമാര്‍, പി. സൂര്യദാസ്, ബസ് ഉടമ പ്രതിനിധികളായ പി.കെ. പവിത്രന്‍, കെ. രാജ്കുമാര്‍, വത്സന്‍, ഇ. പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.