പയ്യന്നൂരിലെ സംഘര്‍ഷം: 15 കേസുകള്‍, 271 പ്രതികള്‍, 82 ലക്ഷത്തിന്‍െറ നഷ്ടം

പയ്യന്നൂര്‍: കുന്നരു കാരന്താട്ടും അന്നൂരിലും നടന്ന രാഷ്ട്രീയകൊലപാതകത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു സി.പി.എം പ്രവര്‍ത്തകരെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് എം.പി. രവീന്ദ്രന്‍െറ കരിവെള്ളൂരിലെ വീടും വാഹനങ്ങളും കരിവെള്ളൂരിലെ ബാലന്‍െറ ബേക്കറിയും തകര്‍ത്ത കേസിലാണ് കരിവെള്ളൂര്‍ വടക്കുമ്പാട്ടെ പരിയാരത്തുവീട്ടില്‍ സുരേഷ് കുമാര്‍ (36), തെരുവിലെ പി.വി. വൈശാഖ് (24) എന്നിവര്‍ അറസ്റ്റിലായത്. അതേസമയം, അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു കൊലപാതക കേസുകള്‍ക്ക് പുറമേയാണിത്. 13 കേസുകള്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയിലും രണ്ടെണ്ണം സി.പി.എം പ്രവര്‍ത്തകരുടെ പരാതിയിലുമാണ് രജിസ്റ്റര്‍ ചെയ്തത്. 13 സംഭവങ്ങളില്‍ 231 സി.പി.എം പ്രവര്‍ത്തകരും രണ്ടു സംഭവങ്ങളില്‍ 40 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഉള്‍പ്പെടെ 271 പ്രതികളുടെ പട്ടികയാണ് പൊലീസ് തയാറാക്കിയത്. 77.60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബി.ജെ.പി പ്രവര്‍ത്തകരും നാലു ലക്ഷത്തിന്‍െറ നഷ്ടം സംഭവിച്ചതായി സി.പി.എം പ്രവര്‍ത്തകരുടെ പരാതിയിലും പറയുന്നു. ബി.ജെ.പി പ്രവര്‍ത്തകരായ സുരേഷ്, അന്നൂര്‍ ആര്‍ഷവിദ്യാലയം മാനേജര്‍ എന്നിവരുടെ പരാതിയില്‍ 30ഓളം പേര്‍ക്കെതിരെ കേസെടുത്തു. കുണ്ടത്തില്‍ ബാലന്‍െറയും യു. കൃഷ്ണന്‍െറയും പരാതിയില്‍ 20 വീതം പേര്‍ക്കെതിരെയും പരുത്തിക്കാട്ടെ കെ. വിനോദിന്‍െറ പരാതിയില്‍ ആറുപേര്‍ക്കെതിരെയും പുതിയങ്കാവിലെ ശ്യാംകുമാറിന്‍െറ രണ്ടു പരാതിയില്‍ 60ഓളം പേര്‍ക്കെതിരെയുമാണ് കേസ്. കാറമേലിലെ എം.കെ. ഉണ്ണികൃഷ്ണന്‍െറ പരാതിയില്‍ 10 പേര്‍ക്കെതിരെയും നന്ദകുമാറിന്‍െറ പരാതിയില്‍ 10 പേര്‍ക്കെതിരെയും കോറോം നോര്‍ത്തിലെ ബാലകൃഷ്ണന്‍െറ പരാതിയില്‍ 16ഓളം പേര്‍ക്കെതിരെയും കേസെടുത്തു. കാരയിലെ പി. രമേശന്‍െറ മിനി ബസ്, കാര്‍, ട്രക്കര്‍, ടൂറിസ്റ്റ് ബസ് എന്നിവ തകര്‍ത്ത സംഭവത്തില്‍ 20 പേര്‍ക്കെതിരെയും കാരയിലെ പി. രാജേഷിന്‍െറ പരാതിയില്‍ ആറുപേര്‍ക്കെതിരെയും പെരളം ചീറ്റയിലെ രാമചന്ദ്രന്‍െറ പരാതിയില്‍ 10ഓളം പേര്‍ക്കെതിരെയും പരുത്തിക്കാട്ടെ മുട്ടില്‍ ജാനകിയുടെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെയും കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരായ രാമന്തളി കക്കംപാറയിലെ മൗവ്വനാല്‍ ഗംഗാധരന്‍, പള്ളിവളപ്പില്‍ ഭരതന്‍ എന്നിവരുടെ വീട് ആക്രമിച്ച സംഭവത്തില്‍ 20 വീതം ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. ഇതിനുപുറമേ രണ്ടു കൊലപാതകക്കേസുകളില്‍ 32ഓളം പേരും പ്രതിപ്പട്ടികയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.