പഴയങ്ങാടി/പാപ്പിനിശ്ശേരി: നിര്‍മാണം പുരോഗമിക്കുന്ന പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അടുത്ത മാര്‍ച്ച് 31നുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ കര്‍ശന നിര്‍ദേശം നല്‍കി. മുമ്പ് മൂന്നുതവണ നിര്‍മാണ കാലാവധി നീട്ടിനല്‍കിയതാണ്. ഇനി നീട്ടിനല്‍കില്ല. നിര്‍മാണ പുരോഗതി നിരന്തരം നേരിട്ട് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് നിര്‍ദേശം. ഈ പാതയിലെ പാപ്പിനിശ്ശേരി, പഴയങ്ങാടി താവം മേല്‍പാലങ്ങള്‍ യഥാക്രമം നവംബറിലും ഫെബ്രുവരിയിലും പൂര്‍ത്തിയാക്കുമെന്ന് കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ കെ.പി. പ്രഭാകരന്‍ യോഗത്തെ അറിയിച്ചു. കെ.എസ്.ടി.പിയുടെ നിര്‍ദിഷ്ട പാതയുടെ പ്രവൃത്തി വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് കല്യാശ്ശേരി എം.എല്‍.എ ടി.വി. രാജേഷ് പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്ത് യോഗം വിളിച്ചത്. 2013 ഏപ്രില്‍ 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോഡ് നിര്‍മാണ പ്രവൃത്തി കരാര്‍ പ്രകാരം 2015 ഏപ്രിലില്‍ ആയിരുന്നു പൂര്‍ത്തിയാക്കേണ്ടത്. പിന്നീട് 2016 മാര്‍ച്ച് 14 വരെ സമയം നീട്ടി. എന്നിട്ടും പൂര്‍ത്തിയാവാത്തതോടെ 2016 ജൂണ്‍ വരെ നീട്ടിയിരുന്നു. പാപ്പിനിശ്ശേരി മുതല്‍ പിലാത്തറ വരെ 20.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണിത്. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ പിലാത്തറ മുതല്‍ പഴയങ്ങാടി വരെ ട്രാഫിക് സിഗ്നലുകള്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കണമെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ടി.വി. രാജേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. ഡ്രൈനേജ് സ്ഥാപിക്കാത്ത ഇടങ്ങളില്‍ അടിയന്തരമായി സ്ഥാപിക്കണം. പിലാത്തറ-പീരക്കാതടം കെ.എസ്.ടി.പി റോഡ് ട്രാഫിക് ജങ്ഷന്‍ വിപുലീകരണത്തിന് അംഗീകാരം ലഭിച്ചെങ്കിലും ഹൈവേക്ക് അരികിലെ മരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ മാത്രമേ പ്രവൃത്തി ആരംഭിക്കാനാവുകയുള്ളൂവെന്നും ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. ഇതിനായി വനംവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. യോഗത്തില്‍ കെ.എസ്.ടി.പി എന്‍ജിനീയര്‍ പി.ജി. സുരേഷ്, പൊതുമരാമത്തു വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.കെ. സതീഷ്, പൊതുമരാമത്തു സ്പെഷല്‍ സെക്രട്ടറി പി. ശ്രീകലാ ദേവി, കെ.എസ്.ടി.പി കണ്‍സള്‍ട്ടന്‍റ് എം. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.