അടച്ചകുഴികള്‍ വീണ്ടും അടച്ച് അധികൃതര്‍ മാതൃകയായി!

വളപട്ടണം: ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ട വളപട്ടണം പാലത്തില്‍ ഒരാഴ്ചമുമ്പ് നികത്തിയ കുഴികള്‍ പൂര്‍വസ്ഥിതിയിലായി. പൊതുമരാമത്ത് ദേശീയപാത വകുപ്പിന്‍െറ നേതൃത്വത്തില്‍ ഇന്നലെ ഈ കുഴികള്‍ വീണ്ടും അടച്ചു. പാലത്തിലെ കുഴികള്‍ കാരണം ദേശീയപാതയില്‍ വള്ളിക്കുന്ന് മുതല്‍ കല്യാശ്ശേരി വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് ദിവസേന രൂപപ്പെടുന്നത്. ഒരാഴ്ച മുമ്പ് മൈക്രോ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച കുഴികളാണ് കഴിഞ്ഞ ദിവസം പൂര്‍വസ്ഥിതിയിലായത്. പാലത്തിലെ വടക്കുഭാഗത്തെ ആദ്യത്തെ മൂന്നു സ്പാനുകളിലാണ് കൂടുതല്‍ കുഴികളുള്ളത്. ഈ ഭാഗത്തെ ടാറിങ് പൂര്‍ണമായും ഇളക്കിമാറ്റിയാണ് കുഴികള്‍ അടച്ചുതുടങ്ങിയത്. കഴിഞ്ഞ വര്‍ഷം പാലത്തില്‍ കോണ്‍ക്രീറ്റ് ഇളകി കുഴികള്‍ ഉണ്ടായതിനെതുടര്‍ന്ന് ഉപരിതലം പൂര്‍ണമായും ടാറിങ് നടത്തിയിരുന്നു. ഇത് കഴിഞ്ഞ കാലവര്‍ഷത്തില്‍ തന്നെ ഇളകിത്തുടങ്ങി. ഈ കാലവര്‍ഷത്തില്‍ മഴ ശക്തമായതോടെ കോണ്‍ക്രീറ്റ് തകരാറിലായ ഭാഗത്തുകൂടി മഴവെള്ളം കനിഞ്ഞിറങ്ങിയതിനാല്‍ ടാറിങ് കൂടുതല്‍ ഇളകി വന്‍ കുഴികള്‍ രൂപപ്പെടുകയായിരുന്നു. പാലംകടക്കാന്‍ വാഹനങ്ങള്‍ ഏറെ നേരമെടുക്കുന്നതിനാല്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിരതന്നെ രൂപപ്പെടുകയാണ്. കണ്ണൂരിലെയും മംഗളൂരുവിലേയും പരിയാരത്തെയും ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സുകളടക്കം ഈ ഗതാഗതക്കുരുക്കില്‍പെടുന്നത് നിത്യകാഴ്ചയാണ്. രാവിലെ ഒമ്പത് മണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഇത് ബസുകളുടെ മത്സരയോട്ടതിനും ട്രിപ് മുടക്കുന്നതിനും കാരണമാകുന്നു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടില്ളെങ്കില്‍ ബസുടമകള്‍ ഇതുവഴി ഓട്ടംനിര്‍ത്താന്‍ വരെ ആലോചിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.