കണ്ണൂര്‍: കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ സ്കൂളിലെ ഹോസ്റ്റലില്‍നിന്ന് 40 കുട്ടികളെ കെ.ടി.ഡി.സിയുടെ ടാമരിന്‍ഡ് ഹോട്ടലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹോസ്റ്റല്‍ മുറികളില്‍ കുട്ടികള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്നത് ഒഴിവാക്കണമെന്നും താമസസൗകര്യമൊരുക്കണമെന്നുമുള്ള ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണിത്. താവക്കര സ്പോര്‍ട്സ് ഹോസ്റ്റലിനു സമീപംതന്നെയാണ് ടാമരിന്‍ഡ് ഹോട്ടല്‍. ഇതിലെ 301 മുതല്‍ 309വരെയുള്ള മുറികളാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഇവയില്‍ രണ്ടു മുറികള്‍ ഡോര്‍മിറ്ററിയാണ്. ഓരോ മുറിയിലും മൂന്നുപേര്‍ വീതവും മറ്റുള്ളവര്‍ ഡോര്‍മിറ്ററിയിലുമാണ് താമസിക്കുന്നത്. ഒരു വാര്‍ഡനും ഇവര്‍ക്കൊപ്പമുണ്ടാകും. സ്പോര്‍ട്സ് ഹോസ്റ്റലില്‍ 190 പേരാണുള്ളളത്. ഒരു മുറിയില്‍ 15 പേര്‍ വരെയാണ് താമസിക്കുന്നത്. പുതിയ ഹോസ്റ്റല്‍ മുറികളുടെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതോടെ ലോയേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയാണ് ഹൈകോടതിയെ സമീപിച്ചത്. കുട്ടികള്‍ക്ക് മതിയായ താമസസൗകര്യമൊരുക്കാന്‍ ജൂലൈ ഒന്നിനാണ് ഹൈകോടതി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചത്. ഉത്തരവ് നടപ്പാക്കുന്നതിനുള്ള അവസാനതീയതി ഇന്നലെയായിരുന്നു. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് പി.ടി.എ കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള സ്ഥലം അന്വേഷിച്ചിരുന്നു. കെ.ടി.ഡി.സിയുടെ കാര്യം പി.ടി.എയാണ് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയത്. ചര്‍ച്ചയില്‍ കുറഞ്ഞനിരക്കില്‍ മുറി നല്‍കാന്‍ കെ.ടി.ഡി.സി അധികൃതര്‍ സമ്മതിച്ചതോടെ കുട്ടികളെ ഇവിടേക്ക് മാറ്റുകയായിരുന്നു. പ്രതിമാസം മൂന്നു ലക്ഷം രൂപ മുറിവാടകയായി നല്‍കാനാണ് കരാര്‍. മൂന്നു മാസത്തേക്കാണ് മുറി നല്‍കിയിരിക്കുന്നത്. താമസം കെ.ടി.ഡി.സിയിലാണെങ്കിലും കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ ഹോസ്റ്റലിലേക്കുതന്നെ പോകണം. കുട്ടികളുടെ വസ്ത്രം അലക്കുന്നതിനും സ്പോര്‍ട്സ് ഹോസ്റ്റല്‍തന്നെ ഉപയോഗപ്പെടുത്തണമെന്ന് ഹോട്ടല്‍ അധികൃതര്‍ ഉപാധിവെച്ചിട്ടുണ്ട്. ഇന്നലെ നടന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ പ്രസൂണന്‍, പി.ടി.എ പ്രസിഡന്‍റ് സാജിദ്, ഹോട്ടല്‍ മാനേജര്‍ പി. അബ്ദുസ്സലാം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.