വീടെന്ന സ്വപ്നം ഇനിയുമകലെ; മാനുവല്‍ ഫ്രെഡറിക് ഇപ്പോഴും പടികള്‍ കയറിയിറങ്ങുന്നു

കണ്ണൂര്‍: ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ തലപ്പത്തേക്കുള്ള ആദ്യ മലയാളിയായി പി.ആര്‍. ശ്രീജേഷ് ഉയരുമ്പോള്‍, കേരളത്തിലേക്ക് ആദ്യമായി ഒളിമ്പിക് മെഡല്‍ എത്തിച്ച മുന്‍ ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ മാനുവല്‍ ഫ്രെഡറിക് വീടെന്ന സ്വപ്നത്തിനായി അധികൃതര്‍ക്കു മുന്നില്‍ അലയുന്നു. ബംഗളൂരുവിലെ കോച്ചിങ് സെന്‍ററില്‍ നിന്ന് കണ്ണൂരിലത്തെിയ ഫ്രെഡറിക് ഇന്നലെ ജില്ലാ കലക്ടറെയും കോര്‍പറേഷന്‍ മേയറെയും കാണാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കലക്ടര്‍ അവധിയില്‍ പ്രവേശിച്ചതും മേയറുടെ തിരക്കുകളുമെല്ലാമാണ് ഇതിന് കാരണം. 1972 മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ ഗോള്‍ കീപ്പറായിരുന്നു കണ്ണൂര്‍ ബര്‍ണശേരി സ്വദേശി മാനുവല്‍ ഫ്രെഡറിക്. മാനുവല്‍ ഫ്രെഡറിക്കിന് വീടുപണിയാന്‍ കോര്‍പറേഷന്‍ പയ്യാമ്പലത്ത് മൂന്ന് സെന്‍റ് സ്ഥലം അനുവദിച്ചിരുന്നു. ഈ സ്ഥലത്ത് മതില്‍കെട്ടി വേര്‍തിരിച്ചപ്പോഴാണ് വീട് പണിയുന്നതിനുള്ള അനുമതി നിഷേധിച്ച് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയത്. കോര്‍പറേഷന്‍െറ മാസ്റ്റര്‍ പ്ളാന്‍ പ്രകാരം ഈ സ്ഥലം പാര്‍ക്ക് ആണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. സ്ഥലം അനുവദിച്ച് പട്ടയം ലഭിച്ചതിനാല്‍ ഇദ്ദേഹം ഒരു ലക്ഷത്തിലധികം രൂപ ചെലവിട്ട് സ്ഥലം വൃത്തിയാക്കുകയും മതില്‍കെട്ടി വേര്‍തിരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നിരോധ ഉത്തരവുമായി കോര്‍പറേഷന്‍ എത്തിയത്. ഒളിമ്പിക് മെഡല്‍ ജേതാവിന് സ്വന്തമായി വീടില്ലാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 2006ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇദ്ദേഹത്തിന് 10 സെന്‍റ് സ്ഥലം അനുവദിച്ച് ഉത്തരവായിരുന്നു. പിന്നീട് അതേ മന്ത്രിസഭയിലെ കായിക മന്ത്രി തന്നെ ഇത് ആറ് സെന്‍റായി ചുരുക്കി. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കാലത്ത് മൂന്ന് സെന്‍റ് നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവിറങ്ങിയത്. വീട് നിര്‍മിക്കുന്നതിന് സ്പോര്‍ട്സ് കൗണ്‍സില്‍ 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സ്ഥലം ലഭിച്ചാല്‍ വീട് നിര്‍മിച്ച് നല്‍കാമെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പറഞ്ഞിരിക്കുന്നത്. ബംഗളൂരുവില്‍ കുട്ടികള്‍ക്ക് കോച്ചിങ് നല്‍കിയാണ് നിത്യജീവിതത്തിനുള്ള പണം ഇദ്ദേഹം കണ്ടത്തെുന്നത്. സ്പോര്‍ട്സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാറുണ്ടെങ്കിലും ഒളിമ്പിക് മെഡല്‍ ജേതാവായിട്ടും ഇദ്ദേഹത്തിന് ജോലി ലഭിച്ചിട്ടില്ല. ഇതില്‍ ഒരു കാലത്തും അദ്ദേഹം പരിഭവം പറഞ്ഞിട്ടുമില്ല. എന്നാല്‍, ജന്മനാട്ടില്‍ വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞതിനു ശേഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അവഗണിക്കുന്നത് വേദനിപ്പിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വീട് നിര്‍മിച്ചാല്‍ ഇവിടത്തെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയെന്നതും ഇദ്ദേഹത്തിന്‍െറ സ്വപ്നമാണ്. പുതിയ സ്ഥലം അനുവദിക്കുമെന്നോ നിലവില്‍ അനുവദിച്ച സ്ഥലത്ത് വീട് നിര്‍മിക്കാനാവുമെന്നോ ജില്ലാ ഭരണകൂടമോ കോര്‍പറേഷനോ പറയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.