കൂടാളിയില്‍ കേരഗ്രാമം വരുന്നു

ഇരിക്കൂര്‍: കേര കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്‍െറ തെങ്ങുകൃഷി സമഗ്ര പരിപാലന പദ്ധതി ‘കേരഗ്രാമം’ കൂടാളി പഞ്ചായത്തില്‍ നടപ്പാക്കുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഫല്‍ ചെയര്‍മാനും കൃഷി ഓഫിസര്‍ വിനോദ് കുമാര്‍ കണ്‍വീനറുമായി രൂപവത്കരിച്ച സാങ്കേതിക വിഭവ സമിതിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 500 ഹെക്ടര്‍ തെങ്ങിന്‍ തോട്ടം ഒരു ക്ളസ്റ്ററായി കണക്കാക്കിയാണ് ഒരു കേരഗ്രാമം. ഇടവിളകൃഷി, വളപ്രയോഗം, തെങ്ങ് പുനരുദ്ധാരണം, തടം തുറക്കല്‍, പുതയിടല്‍ എന്നിവക്ക് ഹെക്ടറിന് 25,000 രൂപ പദ്ധതി വഴി ധനസഹായം ലഭിക്കും. ഈ ഇനങ്ങളിലായി ക്ളസ്റ്ററില്‍ ഒന്നേകാല്‍ കോടി രൂപ പദ്ധതിക്കായി ചെലവഴിക്കും. ജലസേചന സംവിധാനമൊരുക്കുന്നതിന് യൂനിറ്റിന് 25,000 രൂപ, തെങ്ങ് കയറ്റ യന്ത്രത്തിന് 2000 രൂപ, വളം നിര്‍മാണ യൂനിറ്റിന് 1000രൂപ, തെങ്ങിന്‍ തൈ നഴ്സറിക്ക് 50,000 രൂപ, പഞ്ചായത്തിലെ കേരസമിതി പ്രവര്‍ത്തനങ്ങള്‍ക്ക് 10ലക്ഷം എന്നിങ്ങനെയും ക്ളസ്റ്റര്‍ പരിധിയില്‍ പണം ചെലവഴിക്കും. പഞ്ചായത്തിലെ വിവിധ കര്‍ഷകരുടെ 87,500 തെങ്ങുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.2000 ഗുണഭോക്താക്കളെയാണ് പദ്ധതിക്കായി കണ്ടത്തെുക. ആകെ ഒന്നരകോടി രൂപയുടെ ധനസഹായം നല്‍കും. ജൂലൈ 10ഓടെ വിവര ശേഖരണം പൂര്‍ത്തിയാക്കി 15ന് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ അവശ്യഘട്ടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെയും കാര്‍ഷിക വികസനകേന്ദ്രം, കാര്‍ഷിക കര്‍മസേന എന്നിവകളുടെയും സേവനം പ്രയോജനപ്പെടുത്തും. സാങ്കേതിക വിഭവസമിതി തയാറാക്കുന്ന കലണ്ടര്‍പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍, അയല്‍സഭ എന്നിവയുടെ യോഗം ചേര്‍ന്ന് പദ്ധതി നടത്തിപ്പിനുള്ള സാങ്കേതിക വികസന സമിതികള്‍ രൂപവത്കരിച്ചുകഴിഞ്ഞു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഫോറങ്ങള്‍ വിതരണം ചെയ്തു. പദ്ധതി നടപ്പാക്കുന്നതിനുള്ള സംഘാടകസമിതി യോഗം ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ടി. റോസമ്മ ഉദ്ഘാടനം ചെയ്തു. പി.പി. നൗഫല്‍ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടര്‍ വി. ലത പദ്ധതി വിശദീകരിച്ചു. കേരളത്തില്‍ ആകെ 30 ഗ്രാമപഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ എടക്കാട്, ഇരിട്ടി, പയ്യന്നൂര്‍ ബ്ളോക്കുകളിലെ ഓരോ പഞ്ചായത്തുകളെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.