മലയോരത്ത് ‘ഭീതിവിതച്ച്’ തെരുവുനായ്ക്കള്‍

ശ്രീകണ്ഠപുരം: മലയോരത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം വര്‍ധിച്ചതോടെ ജനങ്ങള്‍ ആശങ്കയിലായി. നിരവധിപേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. പശുക്കളെയും ആടുകളെയും മറ്റും കടിച്ചുകീറിയ സംഭവം കുറവല്ല. നായ്ക്കളുടെ കടിയേറ്റാല്‍ വിദഗ്ധ ചികിത്സപോലും മലയോരങ്ങളിലെ ആശുപത്രികളിലില്ല. പേ ബാധക്കെതിരായ റാബിസ് വാക്സിനെടുക്കാന്‍ ജില്ലാ ആശുപത്രി വരെ പോകേണ്ട ഗതികേടാണുള്ളത്. ശ്രീകണ്ഠപുരം നഗരസഭ, ചെങ്ങളായി, ഉളിക്കല്‍, നടുവില്‍, ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, പടിയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും ഒട്ടേറെപേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. മേഖലകളിലെല്ലാം ഇപ്പോഴും തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞയാഴ്ചയാണ് മലപ്പട്ടം അടിച്ചേരിയില്‍ അഞ്ചുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. നാട്ടുകാര്‍ പട്ടിയെ പിന്നീട് തല്ലികൊല്ലുകയായിരുന്നു. ചെങ്ങളായി എടക്കുളം, ചേരേമൂല, പെരിങ്കോത്ത്, നെല്ലിക്കുന്ന് ഭാഗങ്ങളില്‍ നായ്ക്കളുടെ വിളയാട്ടമാണുള്ളത്. എടക്കുളത്തുള്ള പഞ്ചായത്ത് ശ്മശാനത്തിന് സമീപം മാലിന്യം തള്ളുന്നതിനാല്‍ തെരുവുനായ്ക്കളും പേപ്പട്ടികളും കൂട്ടമായാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ചെങ്ങളായി പഞ്ചായത്ത് നായ്ക്കളെ കൊല്ലാന്‍ നടപടിയെടുത്തിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. ശ്രീകണ്ഠപുരം നഗരസഭയിലെ ചേപ്പറമ്പ്, കൊട്ടൂര്‍വയല്‍, കോട്ടൂര്‍, പഴയങ്ങാടി, പൊടിക്കളം, കാവുമ്പായി, കൂട്ടുമുഖം ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. നടുവില്‍ ടൗണിലും സമീപ പ്രദേശങ്ങളിലും ആലക്കോട്, ഉദയഗിരി മേഖലകളിലും നായ്ക്കള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് വഴിമുടക്കിയായി നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. മാലിന്യങ്ങള്‍ തോന്നിയപോലെ വലിച്ചെറിയുന്ന സ്ഥലങ്ങളിലാണ് നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നത്. നിരന്തരം ബോധവത്കരണം നടത്തിയിട്ടും മാലിന്യങ്ങള്‍ തോന്നിയപോലെ വലിച്ചെറിയുന്നവരാണ് നായ്ക്കളെ വളരാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ അധികാരികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.