കണ്ണൂര്‍: അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന് പി.കെ. ശ്രീമതി എം.പി ധനമന്ത്രിയോട് ആവശ്യപ്പെട്ടു. 2016-17 വര്‍ഷത്തെ ബജറ്റില്‍ സാമൂഹികക്ഷേമ പെന്‍ഷനുകള്‍ 1000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സാമൂഹികനീതി വകുപ്പിന്‍െറ കീഴില്‍ സംയോജിത ശിശുവികസന സേവനപദ്ധതി (ഐ.സി.ഡി.എസ്) അനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും നല്‍കിവരുന്ന പെന്‍ഷന്‍ കാലോചിതമായി പരിഷ്കരിച്ചിട്ടില്ല. 2010ല്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍പദ്ധതി ആരംഭിച്ചപ്പോള്‍ വര്‍ക്കര്‍മാര്‍ക്ക് അനുവദിച്ച 500 രൂപയും ഹെല്‍പര്‍മാര്‍ക്ക് അനുവദിച്ച 300 രൂപയും മാത്രമേ ഇപ്പോഴും നല്‍കുന്നുള്ളൂ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംമൂലം ജീവിതച്ചെലവ് വളരെയേറെ വര്‍ധിച്ചു. അവര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന പെന്‍ഷന്‍തുക ഒട്ടും പര്യാപ്തമല്ല. തുച്ഛമായ ഈ പെന്‍ഷന്‍തുകകൊണ്ട് അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇക്കാര്യം പരിഗണിച്ച് അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ 1500 രൂപയായും ഹെല്‍പര്‍മാര്‍ക്ക് 1000 രൂപയായും വര്‍ധിപ്പിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് ക്ഷേമനിധിയില്‍ ലഭിക്കുന്ന പലിശ ഉപയോഗപ്പെടുത്തിയാണ് വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും പെന്‍ഷന്‍ നല്‍കിവരുന്നത്. സംസ്ഥാനത്തെ 64,000ലധികം വരുന്ന വര്‍ക്കര്‍മാരില്‍നിന്നും ഹെല്‍പര്‍മാരില്‍നിന്നും ക്ഷേമനിധിവിഹിതം സമാഹരിച്ചാണ് ക്ഷേമനിധി സ്വരൂപിക്കുന്നത്. പലിശയിനത്തില്‍ ഭീമമായ തുക അങ്കണവാടി പ്രവര്‍ത്തകരുടെ ക്ഷേമനിധിയില്‍ ഓരോ വര്‍ഷവും ലഭിക്കുന്നു. പ്രസ്തുത തുക ഉപയോഗപ്പെടുത്തി പെന്‍ഷന്‍ വര്‍ധിപ്പിക്കാവുന്നതാണെന്നും എം.പി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.