മാഹി സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ പഠനത്തിലെ സോഫ്റ്റ്വേര്‍ മാറ്റം തിരുത്തണം

മാഹി: മാഹി മേഖലയിലെ ഹൈസ്കൂളുകളില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ഐ.ടി പഠനം തകിടം മറിക്കുന്നതരത്തില്‍ പുതിയ ഐ.ടി പഠനം അടിച്ചേല്‍പിച്ച് കമ്പ്യൂട്ടര്‍ പഠനം പ്രഹസനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്‍െറ തലതിരിഞ്ഞനയം തിരുത്തി മാഹിയിലെ വിദ്യാലയങ്ങള്‍ക്കാവശ്യമായ രീതിയില്‍ നടപ്പാക്കണമെന്ന് ഫോറം ഓഫ് റിട്ടയേര്‍ഡ് സ്കൂള്‍ ടീച്ചേഴ്സ് (ഫോസ്റ്റ്) മാഹി പുതുച്ചേരി സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. പൊതുപരീക്ഷക്ക് നിര്‍ബന്ധവിഷയമായി കേരളത്തിലെ ഐ.ടി സ്കൂള്‍ പ്രോജക്ടുമായി കരാറുണ്ടാക്കി ‘ഉബണ്ഡു’ സ്വതന്ത്രസോഫ്റ്റ്വേര്‍ ഓപറേറ്റിങ് സിസ്റ്റം വഴിയാണ് കഴിഞ്ഞ 20 വര്‍ഷമായി മാഹിയിലെ ഹൈസ്കൂള്‍ ക്ളാസുകളില്‍ പഠനം തുടരുന്നത്. എന്നാല്‍, ചെന്നൈയിലെ ഐ.എല്‍ ആന്‍ഡ് എഫ്.എസ് എജുക്കേഷന്‍ ടെക്നോളജി സര്‍വിസ് ലിമിറ്റഡുമായി കരാറൊപ്പിട്ട് പുതുച്ചേരിയില്‍ ഇക്കൊല്ലം നടപ്പിലാക്കുന്ന ഐ.ടി പഠനം തികച്ചും വ്യത്യസ്തമാണ്. മൈക്രോസോഫ്റ്റ് ഓപറേഷന്‍ രീതിയും പ്രത്യേക പാഠ്യപദ്ധതിയുമുള്ള ഈ പഠനം പ്രത്യേക ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ചാണ് പഠിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേരള സിലബസ് പിന്തുടരുന്ന മാഹിയിലെ സ്കൂളുകളില്‍ പുതിയ പഠനരീതി തികച്ചും അനാവശ്യമാണെന്നും സര്‍ക്കാറിനയച്ച നിവേദനത്തില്‍ പറയുന്നു. അതേസമയം, ഈ വസ്തുതകള്‍ കാണിച്ച് തയാറാക്കിയ മെമ്മോറാണ്ടം മാഹി എം.എല്‍.എ ഡോ. വി. രാമചന്ദ്രന്‍ നേരിട്ട് സമര്‍പ്പിച്ചിട്ടും പുതുച്ചേരി വിദ്യാഭ്യാസ അധികൃതര്‍ മൗനം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.