കടല്‍ഭിത്തി നിര്‍മാണം കടലാസില്‍: തീരദേശം കടലാക്രമണ ഭീഷണിയില്‍

കാഞ്ഞങ്ങാട്: ജില്ലയുടെ എണ്‍പത്തി നാല് കിലോമീറ്ററോളം വരുന്ന തീരദേശത്തിന്‍െറ സംരക്ഷണത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ആവിഷ്കരിച്ച പദ്ധതികളെല്ലാം കടലാസിലൊതുങ്ങി. പ്രദേശത്തെ നൂറു കണക്കിന് വീടുകളും മറ്റു വസ്തുവകകളുമാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. വലിയപറമ്പ്, നീലേശ്വരം തൈക്കടപ്പുറം, മീനാപ്പീസ് കടപ്പുറം, ചിത്താരി, അജാനൂര്‍ കടപ്പുറം, കാസര്‍കോട് കസബ, ഉപ്പള ഹനുമാന്‍ തറ, മുത്താടി ശാരദനഗര്‍ റോഡ്, മലബാര്‍ നഗര്‍, കാവുഗോളി കടപ്പുറം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. തൈക്കടപ്പുറത്ത് കടല്‍ 30 മീറ്ററോളം കരയെടുത്തു. ഇവിടത്തെ കടല്‍ഭിത്തിയും തകര്‍ന്നു. ചിത്താരി, അജാനൂര്‍ എന്നിവിടങ്ങളില്‍ നിരവധി തെങ്ങുകളാണ് കടലാക്രണത്തില്‍ കടപുഴകിയത.് പല കുടുംബങ്ങളും ഭീതി മൂലം വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കഴിഞ്ഞ വര്‍ഷം തന്നെ ചിത്താരിയില്‍ 50 മീറ്ററോളം തീരദേശ റോഡ് തകര്‍ന്നിരുന്നു.വലിയപറമ്പ് പഞ്ചായത്തിലാണ് കടലാക്രമണം രൂക്ഷമായത്. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട വലിയപറമ്പ് പഞ്ചായത്തില്‍ കടലാക്രമണം മൂലം കരയിടിച്ചില്‍ രൂക്ഷമായി. ഉപ്പള ഹനുമാന്‍തറ, മുത്താടി, ശാരദനഗര്‍, മലബാര്‍നഗര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭം മൂലം നിരവധി വീടുകളിലേക്ക് വെള്ളം കയറി. കുടുംബങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് സ്വയംമാറി. റോഡും വെള്ളത്തിലാണ്. ചിത്താരി വില്ളേജില്‍ വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. കുമ്പള കോയിപ്പാടി കടപ്പുറത്ത് ഈ വര്‍ഷവും കടലാക്രമണം വന്‍ നാശനഷ്ടമാണ് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികള്‍ക്കുണ്ടാക്കിയത്. കടല്‍ ഭിത്തി നിര്‍മാണം കടലാസില്‍ മാത്രമായതോടെ പതിനഞ്ചോളം വീടുകള്‍ അപകടഭീഷണിയിലാണ്. നിരവധി കുടുംബങ്ങള്‍ കടലാക്രമണ ഭീതിയില്‍ മാറി താമസിച്ചിട്ടുണ്ട്. കോയിപ്പാടി മൂജിമൂടി കടപ്പുറത്തെ മൂന്നു വീടുകളും കസബയില്‍ പതിനഞ്ച് വീടുകളും കടലാക്രമണ ഭീഷണിയിലാണ്. തൃക്കണ്ണാട് എല്ലാ കാലവര്‍ഷവും ജനങ്ങള്‍ക്ക് നല്‍കുന്നത് ദുരിതമാണ്. പതിവു പോലെ പത്തു മീറ്ററോളം കടല്‍ കരയെടുത്തു. തീരദേശ റോഡുകളില്‍ പ്രധാനപ്പെട്ട കാസര്‍കോട് -കാഞ്ഞങ്ങാട് ചന്ദ്രഗിരി പാതയുടെ നവീകരണത്തിനുള്ള നടപടി ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് ഉള്‍പ്പെടെയുള്ള മറ്റു തീരദേശ റോഡുകളെല്ലാം കാലവര്‍ഷത്തിലും കടലാക്രമണത്തിലും തകര്‍ന്നു. കഴിഞ്ഞ കാലവര്‍ഷത്തില്‍ കാഞ്ഞങ്ങാട് കടപ്പുറം റോഡ് ഏതാണ്ട് പൂര്‍ണമായി കടലെടുത്തിരുന്നു. തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപണി നടത്തി ഗതാഗത സൗകര്യമൊരുക്കിയെങ്കിലും തീരദേശമേഖലയിലെ പല പ്രദേശങ്ങളെയും തൊട്ടരുമ്മിപോകുന്ന ഈ റോഡിന്‍െറ പല ഭാഗങ്ങളും കടലാക്രമണ ഭീഷണിയിലാണ്. കാവുഗോളി കടപ്പുറം ഫിഷറീസ് റോഡ് കഴിഞ്ഞ ദിവസം കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇവിടെയും കടല്‍ഭിത്തി ഇല്ല. കടല്‍ കരയിലേക്ക് കയറിയതോടെ ഈ ഭാഗത്തെ റോഡുകളെയും ഇതു ബാധിച്ചു. ചന്ദ്രഗിരി പാതയില്‍ ഏറ്റവും കടല്‍ റോഡിനോട് അടുത്തു വന്നിട്ടുള്ളത് തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തിന് സമീപമാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടിട്ടും തൃക്കണ്ണാട് ഭാഗത്ത് കടല്‍ഭിത്തി നിര്‍മിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ തൃക്കണ്ണാട് കടപ്പുറത്ത് അമ്പതു മുതല്‍ 75 മീറ്ററോളം കര കടല്‍കവര്‍ന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.