ബജറ്റ്: കണ്ണൂരിന് സമൃദ്ധി

കണ്ണൂര്‍: മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും ഉള്‍പ്പെടുന്ന കണ്ണൂരിന് സംസ്ഥാന ബജറ്റ് സമൃദ്ധി സമ്മാനിച്ചു. ജില്ലക്ക് ഏറെ പ്രതീക്ഷയേകുന്നതാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ച പുതിയ സര്‍ക്കാറിന്‍െറ കന്നിബജറ്റ്. അതേസമയം, ജില്ലയിലെ പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലത്തെ പാടെ അവഗണിക്കുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നും പരിഭവമുയര്‍ന്നു. പരിയാരം മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ ബജറ്റ് മൗനംപാലിച്ചതും ചര്‍ച്ചയായി. ജില്ലയില്‍ മുമ്പൊരു ബജറ്റിലും ഇത്രത്തോളം പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കണ്ടെയ്നര്‍ സമുദ്രഗതാഗതം സജീവമാകും. അഴീക്കല്‍ തുറമുഖം പുതിയ പ്രതീക്ഷ നല്‍കുമ്പോള്‍ ബജറ്റിലും അതിന്‍െറ പ്രതിധ്വനി ഉയര്‍ന്നു. 500 കോടിരൂപയാണ് അഴീക്കല്‍ തുറമുഖത്തിന് നീക്കിവെച്ചത്. പക്ഷേ, പ്രത്യേക നിക്ഷേപപദ്ധതിയിലാണ് വിഹിതം. സ്വകാര്യ കമ്പനികളെ ആശ്രയിച്ചിരിക്കും ഇതിന്‍െറവിജയം. കണ്ണൂര്‍ വിമാനത്താവള റോഡുകള്‍ പ്രത്യേക പാക്കേജായി നടപ്പിലാക്കുമെന്ന പ്രഖ്യാപനവും പ്രതീക്ഷയേകുന്നതാണ്. ബജറ്റ് വിഭാവനം ചെയ്യുന്ന ഏഴ് പുതിയ പൊലീസ് സ്റ്റേഷനുകളില്‍ ഒന്ന് പിണറായില്‍ ആയിരിക്കുമെന്നത് കണ്ണൂരിലെ സംഘര്‍ഷ സാഹചര്യത്തിനനുസരിച്ച തീരുമാനമാണ്. സമാധാനപ്രേമികളുടെ ഏറക്കാലത്തെ മുറവിളിയായിരുന്നു പിണറായി പൊലീസ് സ്റ്റേഷന്‍. യു.ഡി.എഫ് സര്‍ക്കാറിന് മേല്‍ മമ്പറം കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷന്‍ വേണമെന്ന സമര്‍ദമുണ്ടായിരുന്നു. കൂത്തുപറമ്പ്, ധര്‍മടം, കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വരുന്ന വിദൂരമായ ഗ്രാമങ്ങളെ കൂട്ടിച്ചേര്‍ത്തായിരിക്കും പുതിയ പൊലീസ് സ്റ്റേഷന്‍ നിലവില്‍വരുക. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഈ പുതുസ്റ്റേഷന്‍ വാഗ്ദാനം യാഥാര്‍ഥ്യമാവുമെന്നുറപ്പ്. തലശ്ശേരിയില്‍ വനിതകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മാന്ദ്യവിരുദ്ധ പാക്കേജില്‍ 50 കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. പരമ്പരാഗത വ്യവസായമേഖലയില്‍ കൈത്തറി-യന്ത്രത്തറി രംഗത്തേക്ക് 71 കോടിയും ഖാദിഗ്രാമ വ്യവസായത്തിന് 14 കോടിയും നീക്കിവെച്ചത് കണ്ണൂര്‍ ജില്ലക്കുകൂടി ഉപകാരപ്പെടുന്നതാണ്. കണ്ണൂര്‍ ദിനേശ്ബീഡിയുടെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ നികുതിയിനത്തില്‍ പിരിച്ചെടുത്ത തുകയില്‍നിന്ന് സര്‍ക്കാര്‍ എട്ടു കോടി ഗ്രാന്‍റ് നല്‍കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നതും പ്രത്യേകം പരിഗണനയാണ്. സര്‍വകലാശാലകള്‍ക്കുള്ള വിഹിതത്തില്‍ കേരള-കാലിക്കറ്റ്-മഹാത്മാഗാന്ധി വാഴ്സിറ്റികള്‍ക്ക് തുല്യമായ നിലയില്‍തന്നെ കണ്ണൂര്‍ യൂനിവേഴ്സിറ്റിക്കും 23 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്. തലശ്ശേരി ബ്രണ്ണന്‍ കോളജിനെ ഡിജിറ്റല്‍ കോളജായി മികവിന്‍െറകേന്ദ്രമാക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ എന്‍ജിനീയറിങ് കോളജുകളുടെ വികസനപ്പാക്കേജിലും കണ്ണൂര്‍ എന്‍ജിനീയറിങ് കോളജിനും തുല്യപരിഗണന നല്‍കി. 735 കോടി രൂപയുടെ പ്രത്യേക നിക്ഷേപപദ്ധതിയില്‍ വികസിപ്പിക്കാന്‍ തീരുമാനിച്ച 10 മുനിസിപ്പാലിറ്റികളില്‍ മട്ടന്നൂരിനെയും ബജറ്റില്‍ ഉള്‍പ്പെടുത്തി. അക്കാദമികള്‍ക്കുള്ള പദ്ധതികളില്‍ കണ്ണൂരിലെ ഫോക്ലോര്‍ അക്കാദമിയെയും ഉള്‍പ്പെടുത്തി. സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ധനസഹായം അനുവദിച്ചതില്‍ കയ്യൂര്‍ സ്മാരകം, മാടായി ക്ഷേത്രകലാഅക്കാദമി എന്നിവക്ക് 50 ലക്ഷം വീതവും നീക്കിവെച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനായ കെ.പി.പി. നമ്പ്യാരുടെ പേരില്‍ സ്മാരകം സ്ഥാപിക്കുന്നതിന് ഒരു കോടിയും ബജറ്റില്‍ നീക്കിവെച്ചു. പ്രത്യേക നിക്ഷേപപദ്ധതിയില്‍ 500 കോടിരൂപയുടെ മള്‍ട്ടിപര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്ന പട്ടികയില്‍ കണ്ണൂര്‍ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയവും ഉള്‍പ്പെടുത്തി. പഞ്ചായത്തുകളില്‍ കളിക്കളം നിര്‍മിക്കുന്ന പദ്ധതിയിലും കണ്ണൂരില്‍ അപ്രതീക്ഷിമായി പലതും കിട്ടി. ധര്‍മടം അബു ചാത്തുക്കുട്ടി സ്റ്റേഡിയവും കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയവും മട്ടന്നൂര്‍ സ്റ്റേഡിയവും ഒപ്പം മലയോരത്തെ പടിയൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും ഇതിലുള്‍പ്പെടും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിനും ബജറ്റില്‍ 10 കോടി നീക്കിവെച്ചു. അടിസ്ഥാന സൗകര്യവികസനത്തിലാണ് കണ്ണൂരിന് ആകര്‍ഷകമായ വാഗ്ദാനങ്ങളുള്ളത്. കണ്ണൂര്‍ നഗരത്തിന്‍െറ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന മേലെചൊവ്വ-സൗത് ബസാര്‍ ഫൈ്ളഓവര്‍ ബ്രിഡ്ജിന് 30 കോടി നീക്കിവെച്ചത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. തേറണ്ടി പാലത്തിന്‍െറ അപ്രോച് റോഡിന് 20 കോടിയും മൂലക്കീല്‍ കടവുപാലത്തിന് 25 കോടിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.