കണ്ണൂര്‍: മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ കൊണ്ടുതള്ളുന്ന മക്കള്‍ക്ക് താക്കീതായി ‘ദി ലാസ്റ്റ് കിസ്സ്’ എന്ന ഹ്രസ്വചിത്രം. ഇല്ലിക്കല്‍ മീഡിയയുടെ ബാനറില്‍ അജിത് പുന്നോല്‍ നിര്‍മിച്ച് റംഷീദ് ഇല്ലിക്കല്‍ സംവിധാനം ചെയ്ത അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്‍െറ റിലീസ് അഴീക്കോട് പൂതപ്പാറയിലെ സാന്ത്വനം വയോജന സദനത്തില്‍ നടന്നു. അഗതിമന്ദിരത്തിലെ അമ്മമാര്‍ ചേര്‍ന്ന് ചിത്രം റിലീസ് ചെയ്തു. സാന്ത്വനത്തിന്‍െറ 11ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ചിത്രത്തിന്‍െറ പരിപാടി സംഘടിപ്പിച്ചത്. ഹൃദയസ്പര്‍ശിയായ സിനിമ എന്നാണ് ഉദ്ഘാടകനായ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ചിത്രത്തെ വിശേഷിപ്പിച്ചത്. അമ്മയുടെ നൊമ്പരം കൃത്യതയാര്‍ന്ന ഷോട്ടിലൂടെ അടുക്കും ചിട്ടയോടും കൂടി ചെറിയ സമയത്തിനുള്ളില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞതായി ചടങ്ങില്‍ സംസാരിച്ച മലയാള ഭാഷ പാഠശാല ഡയറക്ടര്‍ ടി.പി. ഭാസ്കര പൊതുവാള്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, കോര്‍പറേഷന്‍െറ ‘വയോമിത്രം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിത്രം സ്കൂള്‍-കോളജ് തലങ്ങളില്‍ പ്രചരിപ്പിക്കാന്‍ തയാറാണെന്ന് അണിയറ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവയും റംഷീദ് ഇല്ലിക്കല്‍ തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്. ഈ യുവസംവിധായകന്‍െറ അഞ്ചാമത്തെ ഹ്രസ്വചിത്രമാണ്. യുവാക്കളിലെ വേഗത പ്രമേയമാക്കിയ ‘സ്പീഡ്’ ആണ് ആദ്യ ചിത്രം. ചുംബനസമരം കത്തിനില്‍ക്കുമ്പോള്‍ വേറിട്ട ചര്‍ച്ചക്ക് വഴിതുറന്ന് ‘കിസ് ഓഫ് ലൗ ഹൂ ഗെയിന്‍ഡ്’ എന്ന ചിത്രവും ഭരണകൂട ഭീകരതയെ പരിഹസിക്കുന്ന ‘മാവോയിസ്റ്റ്’ എന്ന ചിത്രവും ഇതിനകം യു ട്യൂബില്‍ വൈറലായി.വാര്‍ഷികാഘോഷത്തില്‍ സാന്ത്വനം വയോജന സദനം ചെയര്‍മാന്‍ എം.ബി.കെ. അലവില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. രവീന്ദ്രന്‍, കെ.വി.ആര്‍ ഗ്രൂപ് ചെയര്‍മാന്‍ കെ.പി. നായര്‍, തൈക്കണ്ടി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സുമ സുരേഷ് വര്‍മയുടെ നാദലയം, കലാക്ഷേത്രം വേണുഗോപാലിന്‍െറ ഭരതനാട്യം എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.