തലശ്ശേരി: ‘സാര്‍, ഇവിടം നരകതുല്യം. രാത്രിയില്‍ ഭയം കാരണം കിടന്നുറങ്ങാനാകുന്നില്ല. പെണ്‍കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്ക് സൗകര്യവുമില്ല. വേനല്‍കാലത്ത് കടല്‍ത്തീരമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. മഴ തുടങ്ങിയതോടെ അതിന് കഴിയാത്ത സ്ഥിതിയാണ്. പൊതു കക്കൂസുകളെങ്കിലും ഉണ്ടാക്കിത്തരണം’ പെട്ടിപ്പാലം കോളനി നിവാസികളുടെ ഈ ആവശ്യം തീരദേശ സമൂഹം നേരിടുന്ന ദുരിത ജീവിതത്തിന്‍െറ ആശങ്കയും ആവലാതിയും വെളിപ്പെടുത്തുന്നതാണ്. കടല്‍ക്ഷോഭം നേരിടുന്ന പ്രദേശം സന്ദര്‍ശിക്കാനത്തെിയ നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശനും കൗണ്‍സിലര്‍മാരും അടങ്ങിയ സംഘത്തിന് മുന്നിലാണ് കോളനിയിലെ താമസക്കാര്‍ കടല്‍ക്ഷോഭം സൃഷ്ടിക്കുന്ന ഭീതിയുടെയും ദുരിതത്തിന്‍െറയും കഥ നിരത്തിയത്. രൗദ്രതയില്‍ ആഞ്ഞടിക്കുന്ന തിരകള്‍ പെട്ടിപ്പാലത്തെ എണ്‍പതോളം കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. മത്സ്യത്തൊഴിലാളികള്‍ ജീവിതം തള്ളിനീക്കുന്ന കൂരകള്‍ക്ക് മുകളിലേക്ക് ആര്‍ത്തലച്ചത്തെുന്ന തിരമാലകള്‍ പതിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ദിവസം കടന്നുപോകുംതോറും തിരമാലകളുടെ ശക്തിയും വര്‍ധിക്കുന്നു. ഒപ്പം ഇവിടത്തെ എണ്‍പതോളം കുടുംബങ്ങളുടെ ആധിയും വര്‍ധിക്കുകയാണ്. എല്ലാവര്‍ഷവും ആവര്‍ത്തിക്കുന്ന പ്രതിഭാസമായ കടല്‍ ക്ഷോഭത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ഇവരുടെ ആവശ്യങ്ങളും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. രാത്രിയില്‍ തിരമാല കൂരകള്‍ക്ക് മുകളിലേക്ക് ആഞ്ഞടിക്കുമ്പോള്‍ ഭൂകമ്പം പോലെയാണ് അനുഭവപ്പെടുന്നതെന്ന് ഇവര്‍ പറയുന്നു. വീടുകളുടെ ചുമരുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. മേല്‍ക്കൂര തകരുന്നുണ്ട്. ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ കടല്‍ക്ഷോഭത്തിന് തിങ്കളാഴ്ചയും ശമനമുണ്ടായിട്ടില്ല. പെട്ടിപ്പാലം, തലായി, മാക്കൂട്ടം, കൊടുവള്ളി മണക്കായി ദ്വീപ് എന്നിവിടങ്ങളിലാണ് കടലേറ്റമുണ്ടായത്. പെട്ടിപ്പാലത്ത് 80ഉം മാക്കൂട്ടത്തും തലായിയിലും അറുപതിലേറെ വീടുകള്‍ക്കുമാണ് കടല്‍ത്തിര ഭീഷണി സൃഷ്ടിക്കുന്നത്. മണക്കായി ദ്വീപില്‍ 18 വീടുകള്‍ക്ക് കേടുപാടുണ്ടായി. ഇവിടെ താമസിക്കാന്‍ കഴിയില്ളെന്ന് വീട്ടിനകത്തേക്ക് കയറിയ വെള്ളം ചൂണ്ടിക്കാട്ടി കെ.വി. ഹംസയും ഭാര്യ ആസ്യയും പറഞ്ഞു. മറ്റെവിടെയെങ്കിലും രണ്ട് സെന്‍റ് സ്ഥലം കിട്ടിയാല്‍ ഇവിടെനിന്ന് മാറിത്താമസിക്കാമായിരുന്നുവെന്നും ഹംസ പറഞ്ഞു. നബീസ ഒറ്റക്കാണ് കുടിലില്‍ താമസം. ഭര്‍ത്താവ് മൂസ മരിച്ചിട്ട് മൂന്നുവര്‍ഷമായി. വീണ് കൈയെല്ല് പൊട്ടിയിരിക്കുകയാണ്. ഇവര്‍ക്കും പറയാനുള്ളത് ദുരിതത്തിന്‍െറ കഥകള്‍ മാത്രം. ‘എല്ലാവരും വരും, വാഗ്ദാനം നല്‍കി പോവുകയും ചെയ്യും. എന്നാല്‍ ഇവിടത്തുകാരുടെ അവസ്ഥക്ക് മാറ്റമൊന്നുമില്ല’ -ഇത് പറയുമ്പോള്‍ മുനീശ്വരിയുടെ പ്രതിഷേധം ആരോടൊക്കെയോ ആണ്. തുണി മറച്ചുണ്ടാക്കിയ ‘ടോയ്ലറ്റ്’ ചൂണ്ടിക്കാട്ടി പെണ്‍കുട്ടികള്‍ കുളിക്കുന്നത് അവിടെയാണെന്ന് അവര്‍. തിരയടിച്ച് സുബൈദയുടെ വീടിന്‍െറ ഓട് പൊട്ടിയിട്ടുണ്ട്. ലൈലയുടെ വീടിന്‍െറ ചുമരാണ് തകര്‍ച്ചയിലായത്. ഭയംകാരണം രാത്രി ഉറങ്ങാനാകുന്നില്ളെന്നും അവര്‍ പറഞ്ഞു. നേരത്തേ പ്രദേശത്ത് ആറ് പുലിമുട്ട് ഉണ്ടായിരുന്നത് തകര്‍ന്നതും തലായി ഹാര്‍ബര്‍ വന്നതുമാണ് കടലാക്രമണം രൂക്ഷമാക്കിയതെന്ന് എം.കെ. ബാബു പറഞ്ഞു. എട്ട് മീറ്റര്‍ ഉയരത്തിലെങ്കിലും കടല്‍ ഭിത്തി സ്ഥാപിക്കണമെന്നതാണ് ഇവരുടെ ആവശ്യം. നേരത്തേ സ്ഥാപിച്ച കടല്‍ഭിത്തികള്‍ മണ്ണ് താഴ്ന്നതിനെ തുടര്‍ന്ന് ഉയരം കുറഞ്ഞു. പുതിയ പുലിമുട്ടും നിര്‍മിക്കണം-അവര്‍ ചെയര്‍മാനോട് പറഞ്ഞു. കടല്‍ക്ഷോഭം രൂക്ഷമായ സഹാചര്യത്തില്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ സി.കെ. രമേശന്‍ പറഞ്ഞു. പെട്ടിപ്പാലം കോളനിവാസികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടത്. ഇതിനുള്ള ശ്രമമാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കടല്‍ഭിത്തി ഉയരം കൂട്ടണം. ഒപ്പം പുതിയ പുലിമുട്ട് നിര്‍മിക്കുകയും വേണം. ഇതിനുള്ള എസ്റ്റിമേറ്റ് ഫിഷറീസ് വകുപ്പ് തയാറാക്കി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രവൃത്തി വേഗത്തിലാക്കാനുള്ള ഇടപെടല്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍മാരായ പി.പി. അനില, പി.വി. വിജയന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വില്ളേജ് ഓഫിസര്‍ പുരുഷോത്തമനും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. പുന്നോല്‍ പെട്ടിപ്പാലം പ്രദേശവും തീരപ്രദേശവും റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. മേഖലയില്‍ കടലേറ്റത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത് പെട്ടിപ്പാലം കോളനിയിലെ 76 കുടുംബങ്ങളാണ്. റവന്യൂ അധികൃതരുടെ മുമ്പാകെ അവര്‍ പരാതികള്‍ ഉന്നയിച്ചു. ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, തലശ്ശേരി തഹസില്‍ദാര്‍ കെ. രവീന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. മനോജ്, കോടിയേരി വില്ളേജ് ഓഫിസര്‍ സി.പി. പുരുഷോത്തമന്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. വാര്‍ഡംഗം യു.കെ. പ്രീതയും സ്ഥലത്തത്തെി. പെട്ടിപ്പാലം കോളനിയിലെ 765 കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് ശിപാര്‍ശ സമര്‍പ്പിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. കടലേറ്റ ഭീഷണി നേരിടുന്ന 500 മീറ്ററോളം വരുന്ന പ്രദേശത്ത് ഓരോ 50 മീറ്ററിലും പുലിമുട്ടുകള്‍ സ്ഥാപിക്കാനും കടല്‍ഭിത്തി ഉയരംകൂട്ടി ബലപ്പെടുത്താനും ശിപാര്‍ശ സമര്‍പ്പിക്കും. 56 കുടുംബങ്ങള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശൗചാലയമോ കുളിമുറിയോ ഇല്ലാത്തത് ദുരിതം വര്‍ധിപ്പിക്കുന്നു. കുടിവെള്ള പൈപ്പുകളില്‍ ചിലത് വളരെ വൃത്തിഹീനമായ സ്ഥലത്താണുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.