വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം –ഡി.എം.ഒ

കണ്ണൂര്‍: ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളും ഭക്ഷ്യവില്‍പന വിതരണ കേന്ദ്രങ്ങളും ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. ഭക്ഷണ വില്‍പനശാലകളില്‍ നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാവൂ. വാഷ്ബേസിനുകള്‍ക്ക് സമീപം സോപ്പോ ഹാന്‍ഡ് വാഷിങ് ലോഷനോ നിര്‍ബന്ധമായും വെച്ചിരിക്കണം. പഴകിയ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്. ഈച്ചശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും പെസ്റ്റ് ഫ്ളാഷ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്. ഹോട്ടല്‍, ബേക്കറി തൊഴിലാളികളുടെ ശുചിത്വ നിലവാരം ഉറപ്പുവരുത്തണം. ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിനുശേഷവും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യരുത്. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യണം. കുട്ടികളുടെ കൈയിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം.കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക. കുപ്പിപ്പാല്‍ നല്‍കുന്നത് ഒഴിവാക്കുക. കുടിവെള്ളവും ആഹാര സാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കണം. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുകയും ഇടക്കിടെ കിണര്‍ വെള്ളം ക്ളോറിനേറ്റ് ചെയ്യുകയും വേണം. വീടിന്‍െറ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കണം. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പഴുത്തളിഞ്ഞ പഴങ്ങള്‍ ഉപയോഗിക്കരുത്. ഉത്സവാവസരങ്ങളിലും ആഘോഷാവസരങ്ങളിലും പിക്നിക്കിന് പോകുമ്പോഴും ഭക്ഷ്യപാനീയ ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വയറിളക്കമുണ്ടായാല്‍ പാനീയ ചികിത്സ (ഒ.ആര്‍.എസ് ലായനി) നല്‍കുക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരിന്‍വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങളും നല്‍കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.