മാഹി: മാഹിയില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നതും തുടങ്ങാനിരിക്കുന്നതുമായ വിവിധ പദ്ധതികള്‍ സമയബന്ധിതമായി അടിയന്തരപ്രാധാന്യത്തോടെ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം മുഖ്യമന്ത്രി വി. നാരായണസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലുള്ള പദ്ധതികളായ മത്സ്യബന്ധന തുറമുഖം, പുഴയോര നടപ്പാത, ഇന്‍ഡോര്‍ സ്റ്റേഡിയം, ലൈബ്രറി, ബുലുവര്‍ റോഡ്, മാഹി ആശുപത്രിയുടെ ഭാഗമായുള്ള ട്രോമാ കെയര്‍ യൂനിറ്റ് തുടങ്ങിയവ ഉടനെ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇടയില്‍പീടികയിലെ കല്യാണമണ്ഡപം, പള്ളൂര്‍ ബസ്സ്റ്റാന്‍ഡ്, പള്ളൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ പുതിയ കെട്ടിടം, പന്തക്കലിലെ സ്റ്റേഡിയം എന്നീ തുടങ്ങാനിരിക്കുന്ന പദ്ധതികളും നടപ്പിലാക്കാന്‍ നടപടിവേണം. പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന ബൈപാസ് ഭൂവുടമകളുടെ നഷ്ടപരിഹാര വിതരണത്തിന് അടിയന്തര പ്രാധാന്യം നല്‍കി നടപടി സ്വീകരിക്കണം. വിവിധ വകുപ്പുമേധാവികള്‍ ഉള്‍പ്പെടെ ഒഴിഞ്ഞുകിടക്കുന്ന ജീവനക്കാരുടെ തസ്തികകളില്‍ ഒഴിവുകള്‍ നികത്തണം. ആശുപത്രികളിലെ ശോച്യാവസ്ഥ പരിഹരിച്ച് ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ന്യൂനപക്ഷസംവരണത്തിലെ അപാകതകള്‍ പരിഹരിച്ച് രണ്ടു ശതമാനം സംവരണം മാഹിയിലും അനുവദിക്കണം. ഹജ്ജ് ക്വോട്ടയില്‍ മാഹിക്ക് കൂടുതല്‍ പരിഗണന നല്‍കുക, ഗോതമ്പ്, മണ്ണെണ്ണ തുടങ്ങിയവയുടെ വിതരണം മെച്ചപ്പെടുത്തുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചു. മാഹിയുടെ വികസനത്തിന് ഏറ്റവും മുന്തിയ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. തുടര്‍ന്ന് നേതാക്കള്‍ വിവിധ വകുപ്പ് മന്ത്രിമാരെയും സന്ദര്‍ശിച്ചു. മാഹിയില്‍നിന്ന് പുതുച്ചേരിയിലേക്കും തിരിച്ചും സര്‍വിസ് നടത്താന്‍ പുതിയ വോള്‍വോ ബസ് അനുവദിക്കുമെന്നും മാഹിയില്‍നിന്ന് കാരിക്കലിലേക്ക് ബസ് സര്‍വിസ് ഉടനെ ആരംഭിക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഉറപ്പുനല്‍കി. മുന്‍മന്ത്രി ഇ. വത്സരാജ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എ.വി. ശ്രീധരന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ രമേശ് പറമ്പത്ത്, സത്യന്‍ കേളോത്ത്, കെ. മോഹനന്‍, ഐ. അരവിന്ദന്‍, അഡ്വ. എം.ഡി. തോമസ്, അഡ്വ. എന്‍.കെ. സജ്ന, അന്‍സില്‍ അരവിന്ദ്, അലി അക്ബര്‍ ഹാഷിം എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.