കണ്ണൂര്‍ ബൈപാസ്: ഏഴ് പഞ്ചായത്തുകളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി –കലക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ ബൈപാസില്‍ വരുന്ന വളപട്ടണം, മുണ്ടയാട്, ചാല ഭാഗങ്ങളിലെ പത്തു പഞ്ചായത്തുകളില്‍ ഏഴിലെയും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞതായി ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. കണ്ണൂര്‍ എം.എല്‍.എയും തുറമുഖ മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പു മേധാവികളുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അടിയന്തര വികസന കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവരിപ്പാത സ്ഥലമെടുപ്പ് ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമുണ്ട്. അഴീക്കല്‍ ദേശീയ തുറമുഖമാക്കുകയും എയര്‍പോര്‍ട്ടിലേക്കുള്ള ഏഴ് റോഡുകള്‍ ഉടന്‍ വികസിപ്പിക്കുകയും വേണം. ഏഴര കടപ്പുറം ഭാഗത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ പുലിമുട്ട് നിര്‍മിക്കണം. അറക്കല്‍ മ്യൂസിയത്തിന് കോര്‍പറേഷന്‍ പരിധിയില്‍ ഒരേക്കര്‍ സ്ഥലം കണ്ടത്തൊനാവുമെന്ന് കലക്ടര്‍ മന്ത്രിയെ അറിയിച്ചു. ആറളത്ത് ട്രൈബല്‍ മ്യൂസിയം ആലോചിക്കണം. കുളം നവീകരണം നടത്താനാവണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ട വികസന കാര്യങ്ങള്‍ ചര്‍ച്ചയായി. ഗതാഗതക്കുരുക്ക്, കുടിവെള്ള പൈപ്പ് പൊട്ടല്‍, റോഡുകളുടെ ശോച്യാവസ്ഥ, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നു. നഗരം നേരിടുന്ന ഗതാഗതക്കുരുക്കാണ് മുഖ്യവിഷയമായതെന്ന് മേയര്‍ ഇ.പി. ലത പറഞ്ഞു. എ.കെ.ജി ആശുപത്രി മുതല്‍ പ്ളാസ വരെയുള്ള ഫൈ്ള ഓവര്‍, ജവഹര്‍ സ്റ്റേഡിയം നവീകരണം, തയ്യില്‍ മൈതാനപ്പള്ളി പുലിമുട്ട് നിര്‍മാണം, ബസ് ഷെല്‍ട്ടറുകള്‍ വൈഫൈ സൗകര്യത്തോടെ ആധുനികവത്കരിക്കല്‍, താണ അണ്ടര്‍ പാസ്, പീതാംബര പാര്‍ക്ക് നവീകരണം, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ മേയര്‍ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഗതാഗതക്കുരുക്ക് അഴിക്കല്‍, റോഡ് നവീകരണം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് പറഞ്ഞു. ദേശീയപാതയില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. മേലെചൊവ്വ-മട്ടന്നൂര്‍ ദേശീയപാതയായി പ്രഖ്യാപിക്കുന്നതോടെ 15 കോടിയുടെ നവീകരണം നടപ്പാക്കും. റീജനല്‍ പബ്ളിക് ഹെല്‍ത്ത് ലാബ് വിപുലീകരിക്കേണ്ട ആവശ്യകതയും അതിന് പ്രധാന റോഡുമായി ബന്ധമില്ലാത്തതും ഡി.എം.ഒ ചൂണ്ടിക്കാട്ടി. ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ തെറപ്പിസ്റ്റിനെ നിയമിക്കണമെന്ന് ആയുര്‍വേദ ഡി.എം.ഒ ആവശ്യമുന്നയിച്ചു. കണ്ണൂരില്‍ പൊലീസ് കമീഷണര്‍ ഓഫിസ് അടിയന്തരമായി വരണമെന്നും ആവശ്യമുയര്‍ന്നു. മണ്ഡല വികസനവുമായി ബന്ധപ്പെട്ട പ്രാരംഭ യോഗമാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വകുപ്പു മേധാവികള്‍ സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പരിഹരിക്കേണ്ട പ്രശ്നങ്ങളില്‍ പെട്ടെന്നുതന്നെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.