നടപ്പാത നിര്‍മിക്കുന്നതിന് അനുമതി –പ്രഫ. റിച്ചാര്‍ഡ് ഹേ എം.പി

തലശ്ശേരി: തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പുതിയ നടപ്പാത നിര്‍മിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയതായി പ്രഫ. റിച്ചാര്‍ഡ് ഹേ എം.പി. തലശ്ശേരി പ്രസ്ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പെട്രോള്‍ പമ്പിന്‍െറ സമീപത്തുകൂടി നടപ്പാത നിര്‍മിക്കുന്നതിനാണ് റെയില്‍വേ അനുമതിനല്‍കിയത്. റെയില്‍വേ ഇതിനാവശ്യമായ സ്ഥലം അനുവദിക്കും. എന്നാല്‍, ഈ ഭാഗത്തുള്ള ഡ്രെയ്നേജിന് സ്ളാബിട്ട് മൂടി വഴിയാക്കി മാറ്റുന്നതും നടപ്പാതക്ക് ഇരുവശവും ചെറിയ മതില്‍ കെട്ടേണ്ടതും നഗരസഭയുടെ ചുമതലയാണ്. കൂടാതെ, ഇവിടെ ലൈറ്റും സ്ഥാപിക്കണം. ഇക്കാര്യങ്ങള്‍ നഗരസഭാ ചെയര്‍മാന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ വികസനം കൊണ്ടുവരുന്നതിനായി ശ്രമിച്ചുവരുകയാണ്. സ്റ്റേഷനില്‍ ജനറേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തും. രണ്ടാമത്തെ പ്ളാറ്റ്ഫോമില്‍ ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കും. നിലവിലുള്ള ജലവിതരണം കാര്യക്ഷമമല്ല. ഇതിന് ബദലായി വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടാം പ്ളാറ്റ് ഫോമില്‍ ശുചിമുറിയും സ്ഥാപിക്കും. ഇവിടെ വിശ്രമമുറിയും ഒരുക്കും. ഇതിനായി ഒരു കോടി രൂപ ചെലവഴിക്കും. സ്റ്റേഷനില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ആര്‍.പി.എഫിന് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന എസ്കലേറ്റര്‍ വികലാംഗര്‍ക്കും പ്രായമുള്ളവര്‍ക്കും ഗുണകരമല്ല. അതിനാല്‍ റാംപ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊടുവള്ളി റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. ചെലവിന്‍െറ 50 ശതമാനം സംസ്ഥാനം നല്‍കണം. സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തല്‍ തീരുമാനമെടുത്ത് അറിയിച്ചാല്‍ മേല്‍പാലത്തിന്‍െറ നിര്‍മാണം തുടങ്ങും. കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ഇ.എസ്.ഐ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. തലശ്ശേരിയില്‍ മറൈന്‍ ഡ്രൈവ് കൊണ്ടുവരുന്നതിനെക്കുറിച്ച് കേന്ദ്ര ടൂറിസംവകുപ്പുമായി ചര്‍ച്ച നടത്തിവരുകയാണ്. ഇതിന് 200 കോടിയോളം രൂപ വേണ്ടിവരും. തലശ്ശേരിയില്‍ ഒരു കള്‍ച്ചറല്‍ സെന്‍റര്‍ തുടങ്ങാനും ഉദ്ദേശ്യമുണ്ട്. അനുയോജ്യമായ സ്ഥലം കണ്ടത്തെിനല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ഫോറം പ്രസിഡന്‍റ് കെ.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. സിറാജുദ്ദീന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.