വീടിന് ചുറ്റും വെള്ളം; പുറത്തിറങ്ങാന്‍ കഴിയാതെ അലവിയും കുടുംബവും

ചെറുവത്തൂര്‍: കാലവര്‍ഷം കനക്കുമ്പോള്‍ നെഞ്ചിടിപ്പോടെയാണ് ചെറുവത്തൂര്‍ കൈതക്കാട് പയ്യങ്കി മലയെരുവിലെ വീട്ടില്‍ അലവിയും കുടുംബവും കഴിയുന്നത്. മഴ ശക്തമാകുന്നതോടെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നുവരും. നാലുപാടും വെള്ളം നിറയും. പിന്നെ പുറത്തേക്കിറങ്ങാന്‍ പോലും കഴിയാതാവും. എല്ലാ മഴക്കാലവും അലവിക്കും കുടുംബത്തിനും അനുഭവിക്കാനുള്ളത് ഈ ദുരിതമാണ്. മഴ വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതാണ് ഈ കുടുംബം ഒറ്റപ്പെടാന്‍ കാരണം. ഓവുചാല്‍ നിര്‍മിച്ചെങ്കിലും വെള്ളം ഒഴുകിപ്പോവുന്നില്ല. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്തവിധം ചുറ്റിലും വെള്ളമാണ്. മഴക്കാലം തീരും വരെ തുടരുന്ന വെള്ളക്കെട്ടിനൊപ്പം പകര്‍ച്ചവ്യാധി ഭീഷണി വേറെയും. പ്രദേശത്തെ നിരവധി വീട്ടുകാര്‍ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്നുണ്ടെങ്കിലും മഴ മാറുന്നതോടെ വെള്ളം വറ്റാറുണ്ട്. കുളങ്ങാട്ടുമലയുടെ താഴ്വാരത്തു സ്ഥിതിചെയ്യുന്ന അലവിയുടെ വീട്ടുകാര്‍ക്കാണ് വെള്ളക്കെട്ടിന്‍െറ ദുരിതം ആഴ്ചകളോളം അനുഭവിക്കേണ്ടിവരുന്നത്. കനത്ത മഴയില്‍ വീടിന്‍െറ വരാന്ത വരെ വെള്ളം കയറും. ഇനി അലവിക്കും കുടുംബത്തിനും പുറത്തിറങ്ങണമെങ്കില്‍ വെള്ളം താഴണം. വെള്ളം ഒഴുകിപ്പോകുന്നതിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് വീട്ടുകാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.