മാഹി: മാഹി ഭരണസമിതി പള്ളൂരില്‍ വിളിച്ചുചേര്‍ത്ത പൊതുജനങ്ങളുടെ പ്രത്യേക യോഗത്തില്‍ പരാതി പ്രളയം. പള്ളൂരിലെ ബസ്സ്റ്റാന്‍ഡ് ഭൂമിയേറ്റെടുക്കല്‍, പള്ളൂര്‍-മാഹി ആശുപത്രികളുടെ ശോച്യാവസ്ഥ, മാലിന്യ പ്രശ്നം, റോഡുകളുടെ ശോച്യാവസ്ഥ, പള്ളൂരിലെ ഗതാഗതക്കുരുക്ക്, തെരുവുനായ ശല്യം തുടങ്ങി ഒട്ടേറെ പരാതികള്‍ ഉന്നയിക്കപ്പെട്ടു. പള്ളൂര്‍ ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുകയാണെന്നും ട്രാഫിക് പരിഷ്കരണം അത്യാവശ്യമാണെന്നുമുള്ള പരാതിയില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് എസ്.പി സി.എച്ച്. രാധാകൃഷ്ണ ഉറപ്പ് നല്‍കി. ഇരുചക്രവാഹന പാര്‍ക്കിങ് ഏരിയ എവിടെയാണെന്ന് ജനങ്ങളെ അറിയിക്കണമെന്ന് ആവശ്യമുയര്‍ന്നു. റവന്യൂ വകുപ്പ് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വിവേചനം കാണിക്കുന്നതായും ആക്ഷേപമുയര്‍ന്നു. ഉന്നതര്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മാത്രമായി മേഖലയില്‍ വാടകക്ക് തങ്ങുകയും പിന്നീട് സ്ഥലം വിടുകയും ചെയ്യുമ്പോള്‍ പ്രദേശത്ത് ജനിച്ചുവളര്‍ന്നവര്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ‘ആളില്ല’ എന്ന റിപ്പോര്‍ട്ട് നല്‍കുന്നതായും പരാതിയുണ്ട്. മൂലക്കടവിലെ 30 വീട്ടുകാര്‍ക്ക് പൊതുവഴി നിഷേധിച്ച സംഭവത്തിലും അനുകൂലമായ നടപടിയുണ്ടാകുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ ഉറപ്പ് നല്‍കി. തെരുവുനായ ശല്യവും റോഡുകളുടെ ശോച്യാവസ്ഥയും യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ഇത് സംബന്ധിച്ച രണ്ടാമത്തെ യോഗം മാഹിയില്‍ അടുത്ത ദിവസം നടക്കും. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ ഡോ. കിരണ്‍ബേദിയുടെ ഉത്തരവനുസരിച്ചാണ് യോഗം നടന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡോ. വി. രാമചന്ദ്രന്‍ എം.എല്‍.എ, അഡ്മിനിസ്ട്രേറ്റര്‍ എസ്. മാണിക്കദീപന്‍, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഒ. പ്രദീപ് കുമാര്‍, പൊലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രേംകുമാര്‍, നഗരസഭാ കമീഷണര്‍ ജയറാം, മറ്റ് വകുപ്പ് തലവന്മാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.