മയ്യില്‍: കാട്ടാമ്പള്ളി-മയ്യില്‍ റോഡില്‍ കാട്ടാമ്പള്ളി പാലം മുതല്‍ സ്റ്റെപ് റോഡ് വരെയുള്ള ഭാഗങ്ങളിലെ മാലിന്യനിക്ഷേപം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും തീരാദുരിതമാവുന്നു. അടുക്കള മാലിന്യങ്ങളും അറവുശാല മാലിന്യങ്ങളുമാണ് നിക്ഷേപിക്കപ്പെടുന്നവയില്‍ ഭൂരിഭാഗവും. അസഹ്യമായ ദുര്‍ഗന്ധം മൂലം ഇതുവഴിയുള്ള യാത്ര ഏറെ ദുരിതപൂര്‍ണമാവുന്നു.മാലിന്യനിക്ഷേപം പതിവായിട്ട് കാലം ഏറെയായി. പാതയോരത്തെ പുല്ലിലും സമീപത്തെ ചതുപ്പില്‍ വളരുന്ന കാടുകളിലും വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ പെട്ടെന്ന് കണ്ണില്‍പെടുകയില്ല. ദുര്‍ഗന്ധം വമിക്കുമ്പോള്‍ മാത്രമാണ് ഇവ തിരിച്ചറിയുക. ജനവാസം കുറഞ്ഞ ഇവിടങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും പൊതിഞ്ഞുകെട്ടിയ അടുക്കള മാലിന്യങ്ങള്‍ തള്ളുന്നവര്‍ വിരളമല്ല. മാലിന്യ കൂമ്പാരമായതിനാല്‍ ഇവിടം തെരുവ്നായ്ക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവയെ പേടിച്ച് ഈ വഴിക്ക് ഇപ്പോള്‍ പ്രഭാത സവാരിക്കിറങ്ങുന്നവരും വിരളം. സി.പി.എം നാറാത്ത്, കണ്ണാടിപ്പറമ്പ് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പാതയോരങ്ങള്‍ ഒരുതവണ ശുചീകരിച്ചിരുന്നു. എന്നാല്‍, മാലിന്യനിക്ഷേപത്തിന് അറുതിയായില്ല. ഭരണസമിതി മാലിന്യ നിക്ഷേപകരെ പിടികൂടാന്‍ നിരീക്ഷണ കാമറ വെക്കാന്‍ നീക്കം നടത്തുന്നുണ്ടെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.